റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പരസ്പരം മിണ്ടാതെ വേദി പങ്കിട്ട് ഗവർണറും മുഖ്യമന്ത്രിയും
|മുഖ്യമന്ത്രിയുടെ തൊട്ട് അടുത്താണ് ഇരുന്നതെങ്കിലും മുഖ്യമന്ത്രിയോട് മിണ്ടാനോ, മുഖം കൊടുക്കാനോ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തയ്യാറായില്ല
തിരുവനന്തപുരം: റിപ്പബ്ലിക് ദിന ആഘോഷ പരിപാടിയിലും മുഖ്യമന്ത്രിയോടുള്ള പിണക്കം മാറാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ തൊട്ട് അടുത്താണ് ഗവർണർ ഇരുന്നതെങ്കിലും മുഖ്യമന്ത്രിയോട് മിണ്ടാനോ, മുഖം കൊടുക്കാനോ ആരിഫ് മുഹമ്മദ് ഖാന് തയ്യാറായില്ല.
ആഘോഷ പരിപാടികള്‍ കഴിഞ്ഞ് തിരികെ മടങ്ങിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും അഭിവാദ്യം ചെയ്തെങ്കിലും മുഖ്യമന്ത്രിയെ ഗൗനിക്കുകപോലും ചെയ്തില്ല. പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയുടെ തൊട്ടടുത്ത കസേരയില്‍ തന്നെയാണ് ഗവർണർ ഇരുന്നത്. പക്ഷെ മിണ്ടുമെന്ന് കരുതിയവർക്ക് തെറ്റി.
ഗവർണർ കുട്ടികളുടെ പാട്ടിന് താളം പിടിച്ചപ്പോള്‍ തൊട്ടടുത്തിരുന്ന മന്ത്രി ശിവന്‍കുട്ടിയോട് മിണ്ടിയും പറഞ്ഞുമിരുന്നു മുഖ്യമന്ത്രി. അതേസമയം കേന്ദ്രസർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വാനോളം പുകഴ്ത്തിയ ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖല പറഞ്ഞ് സംസ്ഥാനത്തെ കുറ്റപ്പെടുത്തി.
മറ്റ് ജില്ലകളില്‍ മന്ത്രിമാരാണ് പതാക ഉയർത്തിയത്.നിയമസഭയില്‍ സ്പീക്കർ എഎന്‍ ഷംസീറിന്റെ നേതൃത്വത്തിലായിരിന്നു ആഘോഷം. കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തും വിപുലമായ ആഘോഷം നടന്നു.
Watch Video Report