രക്ഷാപ്രവർത്തനം രണ്ടാം നാൾ: റോബോട്ട് തുരങ്കത്തിലേക്ക്
|രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് അടിയന്തര വൈദ്യസഹായത്തിന് പ്രത്യേക മെഡിക്കൽ സംഘം
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളി ജോയിക്ക് വേണ്ടിയുള്ള തിരച്ചിൽ രണ്ടാം ദിവസവും പുരോഗമിക്കുന്നു. നിലവിൽ മൂന്ന് സ്കൂബ ടീം അംഗങ്ങളാണ് മാൻ ഹോളിലേക്ക് ഇറങ്ങി രക്ഷാപ്രവർത്തനം നടത്തുന്നത്. റോബോട്ടിന്റെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്. തുരങ്കത്തിലേക്ക് റോബോട്ടുകളെ ഇറക്കിവിട്ടിട്ടുണ്ട്. സർവൈലൻസ് ക്യാമറകൾ തുരങ്കത്തിലേക്ക് ഇറക്കിവിട്ട് അതിന്റെ ദിശയിൽ അകത്തേക്ക് കടക്കാനുള്ള ശ്രമവും രക്ഷാസംഘം പരീക്ഷിക്കുന്നുണ്ട്.
അതിനിടെ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് അടിയന്തര വൈദ്യസഹായം നൽകാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ഓക്സിജൻ സപ്പോർട്ട്, ബേസിക് ലൈഫ് സപ്പോർട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലൻസുകളും സജ്ജമാക്കും.
തിരച്ചിൽ നടപടികൾ വിലയിരുത്താനും അടുത്തഘട്ടം രക്ഷാപ്രവർത്തനം സംഘടിപ്പിക്കാനും ഉടൻ അടിയന്തരയോഗം ചേരും. മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. യോഗത്തിൽ കോർപ്പറേഷൻ, എൻഡിആർഎഫ്, പൊലീസ്, ജില്ലാ ഭരണകൂടം, അടക്കമുള്ളവരുടെ പ്രതിനിധികൾ പങ്കെടുക്കും.