Kerala
Rescue operation continue for worker trapped inside well
Kerala

90 അടിയോളം മണ്ണു മാറ്റി,ശക്തമായ ഉറവയും മണ്ണുവീഴ്ചയും; കിണറ്റിൽ കുടുങ്ങിയ തൊഴിലാളിക്കായി രക്ഷാപ്രവർത്തനം തുടരുന്നു

Web Desk
|
9 July 2023 9:21 AM GMT

തമിഴ്നാട് സ്വദേശി മഹാരാജനാണ് ഇന്നലെ രാവിലെ 9 മണിയോടെ കിണറ്റിൽ കുടുങ്ങിയത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ ഇന്നും പുറത്തെത്തിക്കാനായില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കിണറ്റിൽ മണ്ണ് വീഴുന്നത് തടയാൻ ഫയർഫോഴ്സ് മെറ്റൽ റിംഗ് സ്ഥാപിച്ചു.

29ാം മണിക്കൂറിലേക്കാണ് രക്ഷാപ്രവർത്തനം കടന്നിരിക്കുന്നത്. കിണറ്റിൽ ചെറിയ തോതിൽ മണ്ണുവീഴ്ചയുണ്ടായതിനെ തുടർന്ന് ഇന്ന് രാവിലെ 9 മുതൽ 1 മണി വരെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചിരുന്നു.

90 അടിയോളം നിലവിൽ കുഴിച്ചിട്ടുണ്ട്. ഇതിൽ ശക്തമായി ഉറവയുള്ളത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരുന്നു. ഉറവയ്‌ക്കൊപ്പം വരുന്ന മണ്ണ് വീഴ്ച തടയാനാണ് ഫയർഫോഴ്‌സ് മെറ്റൽ റിംഗ് സ്ഥാപിച്ചിരിക്കുന്നത്. ഇത് കൂടാതെ ഉറവയിൽ നിന്നുള്ള വെള്ളം പത്ത് മിനിറ്റ് കൂടുമ്പോൾ പമ്പ് ചെയ്ത് കളയുന്നുമുണ്ട്.

തമിഴ്നാട് സ്വദേശി മഹാരാജനാണ് ഇന്നലെ രാവിലെ 9 മണിയോടെ കിണറ്റിൽ കുടുങ്ങിയത്. രാവിലെ രണ്ടുപേർ ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കൂട്ടത്തിലുള്ളയാൾക്ക്‌ രക്ഷപ്പെടാനായെങ്കിലും മഹാരാജൻ കുടുങ്ങി. ദേഹത്ത് മണ്ണ് വീണ് കിടക്കുന്നതിനാൽ ഏറെ ശ്രമകരമാണ് രക്ഷാപ്രവർത്തനം. 4 ഫയർഫോഴ്‌സ് യൂണിറ്റാണ് രക്ഷാപ്രവത്തനം നടത്തുന്നത്.

കിണർ ജോലിയിൽ വൈദഗ്ധ്യമുള്ള വരെ കൊല്ലത്ത് നിന്ന് എത്തിച്ചാണ് രക്ഷാപ്രവർത്തനം. എൻഡിആർഎഫിന്റെ സംഘം 12 മണിയോടെ എത്തും.

Similar Posts