'മൃതദേഹങ്ങൾ അടിഞ്ഞുകിടക്കുകയാണ്; കണ്ടുനിൽക്കാനാവില്ല ആ സങ്കടക്കാഴ്ച...'- കണ്ണീരനുഭവം പറഞ്ഞ് രക്ഷാപ്രവർത്തകർ
|'പ്രദേശത്തെ ഒരു പാടിക്കടുത്ത് നിന്നും ആറേഴു മൃതദേഹങ്ങൾ ലഭിച്ചു. അവിടെ ഒരാൾ താഴ്ചയിൽ ചെളിയായതിനാൽ ജെ.സി.ബിയോ ഹിറ്റാച്ചിയോ എത്താതെ ബാക്കി മൃതദേഹങ്ങൾ കരയ്‌ക്കെത്തിക്കാൻ ആവില്ല'.
മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഹൃദയഭേദക കാഴ്ചകളും അനുഭവങ്ങളും വിവരിച്ച് രക്ഷാപ്രവർത്തകരായ സന്നദ്ധസംഘടനാ അംഗങ്ങൾ. മൃതദേഹങ്ങൾ അടിഞ്ഞുകിടക്കുകയാണെന്നും വല്ലാത്തൊരു അവസ്ഥയാണെന്നും രക്ഷാപ്രവർത്തകർ മീഡിയവണിനോട് പറഞ്ഞു.
'രാവിലെ തന്നെ ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനത്ത് പോയി. പുഞ്ചിരിമറ്റത്ത് റിസോർട്ടിൽ കുടുങ്ങിയ ആളുകളെ സൈനികർക്കൊപ്പം ചേർന്ന് വടംകെട്ടി സുരക്ഷിതരായി പുറത്തെത്തിച്ചു. മനുഷ്യരെകൊണ്ട് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തകരൊക്കെ വളരെ ക്ഷീണിതരാണ്. സൈനികർ താൽക്കാലിക പാലം നിർമിക്കുകയാണ്. നിർമാണം കഴിഞ്ഞ് വലിയ യന്ത്രങ്ങളൊക്കെ എത്തിയാൽ നിരവധി മൃതദേഹങ്ങൾ കണ്ടെടുക്കാൻ സാധ്യതയുണ്ട്'.
'മരിച്ചവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. വീടുകളൊക്കെ വീണുകിടക്കുകയാണ്. ആ വീടുകളിലൊക്കെ ആളുകളുണ്ടോ എന്ന് പറഞ്ഞുതരാൻ പോലും ആരുമില്ലാത്ത അവസ്ഥ. മുണ്ടക്കൈ എന്ന പ്രദേശം തന്നെ മൊത്തത്തിൽ മണ്ണടിഞ്ഞുകിടക്കുന്ന കാഴ്ച കണ്ടുനിൽക്കാനാവാത്തത്ര ഭയാനകമാണ്. സങ്കടകരമാണ്. ഓരോ മൃതദേഹങ്ങളും കിട്ടുന്ന അവസ്ഥ അങ്ങനെയാണ്'- ഒരു രക്ഷാപ്രവർത്തകൻ പറഞ്ഞു.
'സ്‌കൂൾ മൈതാനത്തിന് അപ്പുറത്ത് നാട്ടുകാർ കളിക്കുന്ന ചെറിയ ഗ്രൗണ്ടുണ്ട്. അവിടെ കുറച്ചു മൃതദേഹങ്ങൾ അടിഞ്ഞുകിടക്കുകയാണ്. അവിടെ ഇറങ്ങാനാവാത്ത സാഹചര്യമാണ്. എഴെട്ട് അടിയോളം പൊക്കത്തിൽ ചെളിയാണ്'- മറ്റൊരു രക്ഷാപ്രവർത്തകൻ പറഞ്ഞു. 'പ്രദേശത്തെ ഒരു പാടിക്കടുത്ത് നിന്നും ആറേഴു മൃതദേഹങ്ങൾ ലഭിച്ചു. അവിടെ ഒരാൾ താഴ്ചയിൽ ചെളിയായതിനാൽ ജെ.സി.ബിയോ ഹിറ്റാച്ചിയോ എത്താതെ ബാക്കി മൃതദേഹങ്ങൾ കരയ്‌ക്കെത്തിക്കാൻ ആവില്ല. താൽക്കാലിക പാലം നിർമാണം കഴിയുമ്പോൾ അവയെത്താതെ ഇനിയുള്ള രക്ഷാപ്രവർത്തനം സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സൈന്യമുണ്ടാക്കിയ താൽക്കാലികപാലത്തിലൂടെ മറുകരയെത്താൻ ആളുകളുടെ നീണ്ട ക്യൂവാണ് ദുരന്തഭൂമിയിൽ. ഇതുവരെ മരിച്ചവരുടെ എണ്ണം 205 ആയി. 160 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. 45 ശരീരഭാഗങ്ങളും കണ്ടെത്തി. 191 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.