Kerala
ആരോഗ്യസ്ഥിതി മോശം; കലക്ടർ സമരപ്പന്തലിൽ എത്തണമെന്ന് നിരാഹാരമിരിക്കുന്ന ഗവേഷക
Kerala

ആരോഗ്യസ്ഥിതി മോശം; കലക്ടർ സമരപ്പന്തലിൽ എത്തണമെന്ന് നിരാഹാരമിരിക്കുന്ന ഗവേഷക

Web Desk
|
5 Nov 2021 11:51 AM GMT

സ്ഥാപനത്തിൽ നടന്ന വിഷയങ്ങളെക്കുറിച്ച് ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നും അതിന് വ്യക്തമായ തെളിവുകളില്ലെന്നും കോട്ടയം കലക്ടർ പികെ ജയശ്രീ വാർത്താസമ്മേളനത്തിൽ പറഞ്ഞു

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കോട്ടയം കലക്ടർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാൻ നിരാഹാരമിരിക്കുന്ന ഗവേഷക ദീപ പി മോഹൻ എത്തിയില്ല. ചർച്ചയ്ക്ക് കലക്ടർ സമരപ്പന്തലിലെത്തണമെന്ന നിലപാടിലാണ് ദീപ. അതേസമയം, സമരപ്പന്തലിലെത്തി ചര്‍ച്ച നടത്തുക പ്രായോഗികമല്ലെന്ന് കോട്ടയം ജില്ലാ കലക്ടര്‍ പികെ ജയശ്രീ വ്യക്തമാക്കി. സ്ഥാപനത്തിൽ നടന്ന വിഷയങ്ങളെക്കുറിച്ച് ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നും അതിന് വ്യക്തമായ തെളിവുകളില്ലെന്നും അവര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എംജി സര്‍വകലാശാലയ്ക്കു മുന്നില്‍ നിരാഹാരമിരിക്കുന്ന ദീപയുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം തഹസിൽദാറെത്തി ആശുപത്രിയിലേക്ക് മാറാൻ ആവശ്യപ്പെട്ടത്. തുടർന്ന് ദീപ ജില്ലാ കലക്ടറുടെ ഇടപെടൽ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇന്ന് ചർച്ച നടത്താൻ കലക്ടർ തയാറായത്. ഇന്ന് ദീപയെയും സർവകലാശാലാ അധികൃതരെയും കലക്ടറേറ്റിലേക്ക് വിളിച്ചിരുന്നു. എന്നാൽ, സർവകലാശാലാ രജിസ്ട്രാർ യോഗത്തിനെത്തിയെങ്കിലും ദീപയോ അവരുടെ പ്രതിനിധിയോ എത്തിയില്ല. യോഗത്തിന് പങ്കെടുക്കാനുള്ള ആരോഗ്യസ്ഥിതിയിലല്ല ഗവേഷകയുള്ളത്. നിലവിൽ നിരാഹാര സമരത്തിന്റെ എട്ടാം ദിവസത്തിലാണുള്ളത്. സമരപ്പന്തലിന്റെ പരിസരത്തുവച്ചോ സർവകലാശാലയിൽ വച്ചോ ചർച്ചയാകാമെന്ന നിലപാടിലാണ് ദീപ.

യൂനിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും അപാകത വന്നിട്ടുണ്ടെങ്കിൽ കലക്ടർ ഇടപെടുമെന്ന് തഹസിൽദാർ സമരപ്പന്തലിലെത്തി അറിയിച്ചതാണെന്ന് കലക്ടർ പറഞ്ഞു. നിരാഹാരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഡിഎംഒ ജീവനക്കാർ ആരോഗ്യസ്ഥിതി പരിശോധിച്ച് അവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തുവെന്നും കലക്ടർ സൂചിപ്പിച്ചു.

Similar Posts