Kerala
സംവരണ പ്രക്ഷോഭം പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം: എം.കെ ഫൈസി
Kerala

സംവരണ പ്രക്ഷോഭം പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം: എം.കെ ഫൈസി

Web Desk
|
27 Jan 2023 4:15 PM GMT

ഉത്തരേന്ത്യയില്‍ ബി.ജെ.പി സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ബുള്‍ഡോസര്‍ രാജ് തന്നെയാണ് കോടതി ഉത്തരവിന്റെ മറവില്‍ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്ന ജപ്തി നടപടികള്‍.

കൊച്ചി: സംവരണ പ്രക്ഷോഭം പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടമാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി. സംവരണം സാമൂഹിക നീതിക്ക് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനല്ല എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.ഡി.പി.ഐ സംഘടിപ്പിച്ച സംവരണ സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണം പാവപ്പെട്ടവന് ജോലി നല്‍കാനുള്ള പദ്ധതിയെന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചാണ് സാമ്പത്തിക സംവരണമെന്ന സവര്‍ണ സംവരണം നടപ്പിലാക്കിയത്.

രാജ്യത്തെ സാമ്പ്രദായിക പാര്‍ട്ടികള്‍ക്കെല്ലാം അധഃസ്ഥിത ജനതയോട് ഒരേ നിലപാട് തന്നെയാണ്. എല്ലാ പാര്‍ട്ടികളും ഒരേ അജണ്ട തന്നെയാണ് നടപ്പിലാക്കുന്നത്. ഉത്തരേന്ത്യയില്‍ ബി.ജെ.പി സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ബുള്‍ഡോസര്‍ രാജ് തന്നെയാണ് കോടതി ഉത്തരവിന്റെ മറവില്‍ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്ന ജപ്തി നടപടികള്‍.

നിയമം ഒരു വിഭാഗത്തിന് മാത്രം ബാധകമാക്കുന്നത് വിവേചനം തന്നെയാണ്. വിവേചനങ്ങളെ ചോദ്യം ചെയ്യാന്‍ ഭയപ്പെടേണ്ടതില്ല. ഭീഷണിയിലൂടെ പ്രതിഷേധങ്ങളെ ഇല്ലാതാക്കാമെന്നത് വ്യാമോഹമാണ്. ജപ്തി പട്ടികയിലെ പിഴവ് സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും പരാജയമാണ്. ജപ്തിയുടെ പേരില്‍ ആരും വഴിയാധാരമാകാന്‍ അനുവദിക്കില്ലെന്നും എം.കെ ഫൈസി വ്യക്തമാക്കി. സംസ്ഥാന മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു.

ദേശീയ വൈസ് പ്രസിഡന്റ് ബി.എം കാംബ്ലെ, ആക്ടിവിസ്റ്റ് സന്തോഷ്‌കുമാര്‍ ഗുപ്ത (റായ്പൂര്‍), ദേശീയ സെക്രട്ടറി ഫൈസല്‍ ഇസുദ്ദീന്‍, ദേശീയ സമിതിയംഗം പി.പി മൊയ്തീന്‍കുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന ട്രഷറര്‍ അഡ്വ. എ.കെ സലാഹുദ്ദീന്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ സമിതിയംഗം അഡ്വ. സിമി എം ജേക്കബ്, എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്ത് അലി സംസാരിച്ചു.

Similar Posts