Kerala
കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ ഒളിവിൽ കഴിയാൻ സഹായിച്ച രേഷ്മക്ക് ജാമ്യം
Kerala

കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ ഒളിവിൽ കഴിയാൻ സഹായിച്ച രേഷ്മക്ക് ജാമ്യം

Web Desk
|
23 April 2022 12:18 PM GMT

പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയായ നിജിൽ ദാസാണ് രേഷ്മയുടെ വീട്ടിൽ ഒളിവിൽ താമസിച്ചത്. സിപിഎം പാർട്ടിഗ്രാമമായ പിണറായി പാണ്ട്യാല മുക്കിലെ വീട്ടിലാണ് നിജിൽ ദാസ് ഒളിവിൽ താമസിച്ചത്.

കണ്ണൂർ: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയ രേഷ്മക്ക് ജാമ്യം. പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയായ നിജിൽ ദാസാണ് രേഷ്മയുടെ വീട്ടിൽ ഒളിവിൽ താമസിച്ചത്. സിപിഎം പാർട്ടിഗ്രാമമായ പിണറായി പാണ്ട്യാല മുക്കിലെ വീട്ടിലാണ് നിജിൽ ദാസ് ഒളിവിൽ താമസിച്ചത്. കഴിഞ്ഞ ദിവസമാണ് നിജിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ താമസിപ്പിച്ചതിന് രേഷ്മയേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണ് രേഷ്മ. ഇവരുടെ ഭർത്താവ് പ്രശാന്ത് വിദേശത്താണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ സമീപത്താണ് പ്രതി ഒളിവിൽ താമസിച്ച വീടുള്ളത്. നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ ഇന്നലെ രാത്രി വീടിന് നേരെ ബോംബേറുണ്ടായി. വീടിന്റെ എല്ലാ ജനലുകളും അടിച്ചുതകർത്തശേഷം മുറ്റത്തേക്ക് രണ്ട് ബോംബുകൾ എറിഞ്ഞതായാണ് പൊലീസ് പറയുന്നത്.

'രേഷ്മ വീട്ടിൽനിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ല'

അതിനിടെ, നിജിൽ ദാസിന് ഒളിച്ചുകഴിയാൻ വീടു നൽകിയ അധ്യാപിക പിഎം രേഷ്മയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ പിതാവ് തള്ളി. നിജിൽ ദാസിന് രേഷ്മ വീട്ടിൽനിന്ന ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ലെന്നും മകൾ ചതിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

'രേഷ്മ (നിജിൽ ദാസിന്) വീട്ടിൽനിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ നമ്മൾ അറിയുമായിരുന്നല്ലോ. ഇവിടെ പൊലീസുകാർ എത്തിയപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. സുഹൃത്തായ നഴ്‌സ് കരുതിക്കൂട്ടി ചതിച്ചതാണെന്നാണ് കരുതുന്നത്' - രാജൻ മീഡിയവണിനോട് പറഞ്ഞു.

'മകളുടെ സുഹൃത്തിന്റെ ഭർത്താവായതു കൊണ്ടാണ് വാടകയ്ക്ക് നൽകിയത്. ഇത് കൊലയാളിയാണ് എന്നറിയില്ല. അതറിയുന്നത് ഇന്നലെയാണ്.' - അദ്ദേഹം കൂട്ടിച്ചേർത്തു. പാരമ്പര്യമായി മാർക്‌സിസ്റ്റുകാരാണ് തങ്ങൾ. അതിൽ ഒരു മാറ്റവും വന്നിട്ടില്ല. സിപിഎം എന്തു കൊണ്ടാണ് ഇപ്പോൾ തള്ളിപ്പറയുന്നത് എന്നറിയില്ല - രാജൻ പറഞ്ഞു.

നിജിൽ ദാസ് താമസിച്ചത് ആൾത്താമസമില്ലാത്ത വീട്ടിലാണെന്നും സിപിഎം പ്രവർത്തകർ പ്രതിയെ സംരക്ഷിച്ചിട്ടില്ലെന്നുമാണ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞിരുന്നത്. 'പ്രശാന്തിന് സിപിഎം ബന്ധമില്ല. ഒളിവിൽ പാർപ്പിച്ചത് ആസൂത്രിതമായാണ്. സഹായം ചെയ്ത സ്ത്രീ ഭക്ഷണം വരെ ഉണ്ടാക്കി നൽകി. ബോംബേറിൽ പാർട്ടിക്ക് ബന്ധമില്ല. ഒളിവിൽ താമസിച്ചത് ശ്രദ്ധയിൽപ്പെടാത്തതിന് ആരെയും കുറ്റപ്പെടുത്താനാകില്ല. പ്രതി പിണറായിയിൽ താമസിച്ചതിൽ ആരെയും കുറ്റപ്പെടുത്താനാകില്ല. കൊലക്കേസിലെ പ്രതിയെ സംരക്ഷിച്ച പി.എം രേഷ്മയുടെ നടപടി ഗൗരവമുള്ള കുറ്റമാണ്. ഇവരും പ്രതിയും തമ്മിലുള്ള ബന്ധത്തിൽ അസ്വാഭാവികതയുണ്ട്'- എന്നായിരുന്നു ജയരാജന്റെ വാക്കുകൾ.

Related Tags :
Similar Posts