ആവിക്കൽ നിവാസികൾ അഭിമുഖീകരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ്
|'കോർപറേറ്റ് കുത്തകകൾക്കു വേണ്ടി നിലകൊള്ളുന്ന പിണറായി സർക്കാർ ജീവിക്കാനായി സമരം ചെയ്യുന്ന ജനങ്ങളെ തീവ്രവാദികളാക്കി അടിച്ചമർത്തുന്ന ഏർപ്പാട് എല്ലാകാലത്തും നടപ്പില്ല'
കോഴിക്കോട്: മാലിന്യ പ്ലാന്റേഷൻ പദ്ധതിക്കെതിരിൽ സമരം നയിക്കുന്ന കോഴിക്കോട് ആവിക്കൽ തോട് നിവാസികൾ കടുത്ത മനുഷ്യാവകാശ ലംഘനമാണ് സർക്കാരിൽനിന്ന് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ കക്കോടി പറഞ്ഞു.
സമ്പന്നന്റെ മാലിന്യം പാവപ്പെട്ടവന്റെ നെഞ്ചത്തേക്ക് തള്ളി വിടുന്ന കോർപറേറ്റ് കുത്തകകൾക്കു വേണ്ടി നിലകൊള്ളുന്ന പിണറായി സർക്കാർ ജീവിക്കാനായി സമരം ചെയ്യുന്ന ജനങ്ങളെ തീവ്രവാദികളാക്കി അടിച്ചമർത്തുന്ന ഏർപ്പാട് എല്ലാകാലത്തും നടപ്പില്ല എന്നതിന്റെ തെളിവാണ് ആവിക്കൽ. അരികുവൽകരിക്കപ്പെട്ടവരുടെ അടിസ്ഥാന സൗകര്യങ്ങളെ അവഗണിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ അവരുടെ ആവാസ വ്യവസ്ഥ തകർക്കുക കൂടി ചെയ്യുന്നതിലൂടെ പ്രദേശ നിവാസികളെ മനുഷ്യജീവികളായിപ്പോലും പരിഗണിക്കുന്നില്ല എന്നാണ് മനസിലാകുന്നതെന്നും സുബൈദ പറഞ്ഞു.
ഭിന്ന ശേഷിക്കാരുൾപെടുന്ന കുടുംബങ്ങളെ ചേർത്തുപിടിക്കേണ്ട സർക്കാർ ശത്രുതാമനോഭാവത്തോടെ സമീപിക്കുന്നതിനെതിരിൽ വിമൻ ജസ്റ്റിസ് പോരാടുമെന്നും സുബൈദ കൂട്ടിച്ചേർത്തു. സമരത്തിനിടെ ലാത്തിയും ഗ്രനേഡുമുപയോഗിച്ച് പൊലീസ് മർദനത്തിന് ഇരയാക്കിയവരുടെയും അറസ്റ്റു വരിച്ചവരുടെയും വീടുകൾ സന്ദർശിക്കുകയായിരുന്നു അവർ. സംസ്ഥാന സെക്രട്ടറിമാരായ ചന്ദ്രിക കൊയ്ലാണ്ടി, സുഫീറ എരമംഗലം, ജില്ല വൈസ് പ്രസിഡന്റ്് ജുമൈല നന്മണ്ട, ജില്ലാ കമ്മിറ്റിയംഗങ്ങളായ ബൽക്കീസ്, ഫസീല, ലുബൈന, നൂർജഹാൻ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.