'അരിപ്പായസം വിളമ്പി,മധുരം നല്‍കി'; അരിക്കൊമ്പനെ പിടികൂടിയത് ആഘോഷമാക്കി ചിന്നക്കനാൽ നിവാസികൾ
|അരിക്കൊമ്പനെ മാറ്റിയതോടെ ആക്രമണം കുറയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ
ഇടുക്കി: ഇടുക്കിയിൽ ഭീതി പരത്തിയ അരിക്കൊമ്പനെ പിടികൂടി മാറ്റിയത് ആഘോഷമാക്കി ചിന്നക്കനാൽ നിവാസികൾ. അരിക്കൊമ്പനെ കൊണ്ടുപോയപ്പോൾ അരിപ്പായസം വിളമ്പിയ നാട്ടുകാർ കുംകിയാനകൾക്ക് മധുരം നൽകിയും പാപ്പാൻമാരെ ആദരിച്ചുമാണ് ആഘോഷം ഗംഭീരമാക്കിയത്.
കാലങ്ങളായി ചിന്നക്കനാൽ, ശാന്തൻപാറ നിവാസികളുടെ ഉറക്കം കെടുത്തിയവനായിരുന്നു അരിക്കൊമ്പനെന്ന കാട്ടു കൊമ്പൻ. അപകടകാരിയായ ആനയെ പിടിച്ച് മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച കുങ്കിയാനകളോടുള്ള സ്നേഹം ശർക്കരയും പഴവും നൽകിയാണ് നാട്ടുകാർ പ്രകടിപ്പിച്ചത്. പാപ്പൻമാരെ പൊന്നാടയണിച്ച് ആദരിച്ചു. തുടർച്ചയായി വീടുകൾ ആക്രമിക്കുന്നതുകൊണ്ടാണ് അരിക്കൊമ്പനെ പിടിച്ച് മാറ്റണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചത്. ദൗത്യം വിജയിച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
വനം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ദൗത്യം പൂർത്തീകരിച്ചത്. ഇതിൽ പങ്കാളികളായ എല്ലാവർക്കും നാട്ടുകാർ നന്ദി അറിയിച്ചു. അരിക്കൊമ്പനൊപ്പം കാടിറങ്ങിയിരുന്ന ചക്കകൊമ്പനും മൊട്ടവാലനുമെല്ലാം അപകടകാരികളാണ്. അരിക്കൊമ്പനെ മാറ്റിയതോടെ ആക്രമണം കുറയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. വന മേഖലയിൽ തീറ്റ ഇല്ലാത്തതാണ്, ആനകൾ കാടിറങ്ങുന്നതിന് കാരണമെന്നും മൊട്ടകുന്നുകൾ, പുൽമേടുകളായി സംരക്ഷിച്ചാൽ പ്രദേശത്തെ കാട്ടാനശല്യത്തിന് പരിഹാരമാകുമെന്നും നാട്ടുകാർ പറയുന്നു.