സി.ഐ.സിയിൽ രാജി തുടരുന്നു; രാജിവെച്ച അധ്യാപകരുടെ എണ്ണം 130 കടന്നു
|സാദിഖലി തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം സി.ഐ.സി ജനറൽ ബോഡിയുടെ അന്തിമ തീരുമാനത്തിന് വിധേയമായിക്കൊണ്ടാണ് രാജി സമർപ്പിക്കുന്നത് എന്നാണ് രാജിക്കത്തിൽ ഹകീം ഫൈസി പറഞ്ഞത്.
മലപ്പുറം: ഹകീം ഫൈസി ആദൃശേരി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെ സി.ഐ.സിയിൽ കൂട്ടരാജി തുടരുന്നു. ഇതുവരെ രാജിവെച്ച അധ്യാപകരുടെ എണ്ണം 130 കഴിഞ്ഞു. അതേസമയം ഹകീം ഫൈസിയെ പുറത്താക്കിയാൽ രാജിവെക്കുമെന്ന് വാഫി സ്റ്റുഡന്റ്സ് അസോസിയേഷൻ കത്ത് നൽകി.
അധ്യാപകരടക്കം 118 പേർ രാജിവെക്കുമെന്ന് ഹകീം ഫൈസി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. നിലവിൽ വാഫി കോഴ്സ് ചെയ്യുന്ന വിദ്യാർഥികളെ അനാഥമാക്കുന്ന രീതിയുണ്ടാവില്ല. പകരം സംവിധാനമുണ്ടാവുന്നത് വരെ സ്ഥാനത്ത് തുടരും. വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. അവർക്കുണ്ടാവുന്ന പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന് ചിന്തിക്കേണ്ടത് പണ്ഡിത സഭയാണ്. സാദിഖലി തങ്ങൾ സി.ഐ.സി ജനറൽ ബോഡി വിളിച്ച് പ്രശ്ങ്ങൾ ചർച്ച ചെയ്യുമെന്നാണ് കരുതുന്നതെന്നും ഹകീം ഫൈസി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
സാദിഖലി തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം സി.ഐ.സി ജനറൽ ബോഡിയുടെ അന്തിമ തീരുമാനത്തിന് വിധേയമായിക്കൊണ്ടാണ് രാജി സമർപ്പിക്കുന്നത് എന്നാണ് രാജിക്കത്തിൽ ഹകീം ഫൈസി പറഞ്ഞത്. സമസ്ത ഉന്നയിച്ച ആരോപണങ്ങൾ ഒരിക്കലും അംഗീകരിച്ചുകൊണ്ടല്ല രാജിയെന്നും ആരോപണങ്ങൾ തെളിയിക്കാനോ തന്റെ ഭാഗം കേൾക്കാനോ തയ്യാറായിട്ടില്ലെന്നും ഹകീം ഫൈസി പറഞ്ഞിരുന്നു.