പാലക്കാട് യൂത്ത് കോൺഗ്രസിൽ വീണ്ടും രാജി; മണ്ഡലം പ്രസിഡന്റ് സിപിഎമ്മിലേക്ക്
|‘ബിജെപി ഭരിക്കുന്ന നഗരസഭക്കെതിരായ സമരങ്ങളെ നേതാക്കൾ പ്രോത്സാഹിപ്പിച്ചില്ല’
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നതിനിടെ പാലക്കാട് യൂത്ത് കോൺഗ്രസിൽ വീണ്ടും രാജി. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ ഹക്കീമാണ് രാജിവെച്ച് സിപിഎമ്മിനൊപ്പം ചേരുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി അദ്ദേഹം ചർച്ച നടത്തി.
ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭക്കെതിരായ സമരങ്ങളെ നേതാക്കൾ പ്രോത്സാഹിപ്പിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഏകാധിപത്യമാണ് കോൺഗ്രസിൽ.
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിനെ പിന്തുണക്കും. നിരവധി പ്രവർത്തകർ ഇപ്പോൾ തന്നെ പി. സരിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ പേർ കോൺഗ്രസ് വിടുമെന്നും അബ്ദുൽ ഹക്കീം മീഡിയവണിനോട് പറഞ്ഞു.
പാർട്ടിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന എ.കെ ഷാനിബ് നേരത്തേ പാർട്ടി വിട്ടിരുന്നു. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി. സരിനും കോൺഗ്രസുമായി ഇടഞ്ഞതിനെ തുടർന്നാണ് പാർട്ടിയിൽനിന്ന് രാജിവെക്കുന്നത്.