Kerala
Resort owner arrested in connection with drowning of three female students in swimming pool in Vazco beach resort at MangaluruS Uchila, Vazco Mangalore beach resort accident,
Kerala

നീന്തൽകുളത്തിൽ വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ റിസോർട്ട് ഉടമ അറസ്റ്റിൽ

Web Desk
|
18 Nov 2024 9:02 AM GMT

റിസോർട്ടിന്റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും സസ്‌പെൻഡ് ചെയ്തു

മംഗളൂരു: ഉച്ചിലയിലെ റിസോർട്ടിൽ മൂന്ന് വിദ്യാർഥിനികൾ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ റിസോർട്ട് ഉടമ അറസ്റ്റിൽ. വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ പുത്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിസോർട്ടിന്റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും സസ്‌പെൻഡ് ചെയ്തു. വിദ്യാർഥിനികൾക്ക് നീന്തൽ വശമില്ലാത്തതാണു മരണത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാവിലെയാണ് സോമേശ്വര ഉച്ചിലയിലെ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൈസൂരു സ്വദേശികളായ നിഷിത എം.ഡി, പാർവതി എസ്, കീർത്തന എന്നിവർ മുങ്ങിമരിച്ചത്. മൂവരും മൈസൂരിൽ അവസാന വർഷ എഞ്ചിനീയറിങ് വിദ്യാർഥിനികളായിരുന്നു. നീന്തൽകുളത്തിൽ പാലിക്കേണ്ട നിർദേശങ്ങൾ റിസോർട്ട് അവഗണിച്ചതാണ് അപകടത്തിന് കാരണം. സ്ഥലത്ത് ലൈഫ് ഗാർഡുകളുണ്ടായിരുന്നില്ല. കുളത്തിന്റെ ആഴം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നില്ല.

ശനിയാഴ്ച രാവിലെയാണ് മൂന്ന് വിദ്യാർഥിനികളും റിസോർട്ടിൽ എത്തിയത്. ഇന്നലെ രാവില 10 മണിക്ക് കുളത്തിന്റെ ആറടി താഴ്ചയുള്ള ഭാഗത്തേക്ക് ഒരു വിദ്യാർഥിനി തെന്നിവീഴുകയായിരുന്നു. ഈ വിദ്യാർഥിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും അപകടത്തിൽപെട്ടത്. മൂന്നുപേർക്കും നീന്തൽ അറിയാത്തതാണ് മരണത്തിന് കാരണമെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

മുങ്ങിത്താഴുന്നതിനിടെ വിദ്യാർഥിനികൾ നിലവിളിച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Summary: Resort owner arrested in connection with drowning of three female students in swimming pool in Vazco beach resort at Uchila, Mangaluru

Similar Posts