Kerala
Koottickal ,Resorts,kottayam,latest malayalam news,കൂട്ടിക്കല്‍, റിസോര്‍ട്ട്, കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍,കോട്ടയം
Kerala

21 ജീവന്‍ ഉരുളെടുത്തിട്ടും പഠിക്കാതെ...; കൂട്ടിക്കലിൽ അതീവ പരിസ്ഥിതി ലോല മേഖലയിൽ റിസോർട്ടുകൾ ഉയരുന്നു

Web Desk
|
11 Aug 2024 4:03 AM GMT

നിർമാണങ്ങൾക്ക് പിന്നിൽ ഉദ്യോഗസ്ഥ - ഭരണ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പരിസ്ഥിതി പ്രവർത്തകർ

കൂട്ടിക്കൽ: ഉരുൾപൊട്ടൽ 21 പേരുടെ ജീവനെടുത്ത കോട്ടയം കൂട്ടിക്കൽ മലനിരകളിൽ റിസോർട്ട് നിർമാണം തകൃതി. അതീവ പരിസ്ഥിതി ലോല മേഖലയിൽ റിസോർട്ടുകൾ നിർമിക്കുന്ന ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. ദുരന്തം ആവർത്തിക്കാതിരിക്കാൻ നിർമാണം നിരോധിക്കണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം. അതേസമയം, ചട്ട പ്രകാരം മാത്രമാണ് നിർമാണ അനുമതി നൽകിയതെന്ന് പഞ്ചായത്ത് ഭരണ സമിതി പ്രതികരിച്ചു.

കൂട്ടിക്കൽ വില്ലേജിൽ വാഗമൺ മലനിരകളിൽ ഉൾപ്പെട്ട കോലാഹലമേട്, തങ്ങൾ പാറ പ്രദേശങ്ങളിലാണ് റിസോർട്ട് നിർമാണം. ചെങ്കുത്തായ മലനിരകളിൽ ബഹുനില റിസോർട്ടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. സിമ്മിങ്ങ് പൂൾ അടക്കമുള്ള ആഡംബര സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് റിസോർട്ടുകൾ. അതീവ പരിസ്ഥിതി ലോല മേഖലയായ കൂട്ടിക്കലിലെ റിസോർട്ട് നിർമാണങ്ങൾക്ക് പിന്നിൽ ഉദ്യോഗസ്ഥ - ഭരണ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.

2021ലെ ഉരുൾ പൊട്ടൽ ദുരന്തത്തിനു ശേഷം പ്രദേശത്ത് പ്രവർത്തിച്ചിരുന്ന രണ്ട് ക്വാറികൾ ജനകീയ ഇടപെടലിനെ തുടർന്ന് പൂട്ടി . ഇതിനു പിന്നാലെയാണ് റിസോർട്ട് മാഫിയ കൂട്ടിക്കലിൽ പിടിമുറുക്കുന്നത്. നിലവിൽ പഞ്ചായത്ത് പരിധിയിൽ നിർമാണ നിരോധനമില്ല, അതിനാൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കൂട്ടിക്കൽ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. റവന്യൂ ഭൂമിയിൽ അല്ല നിർമാണം എന്നതിനാൽ ഇടപെടാൻ കഴിയില്ലെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാട്.


Similar Posts