മീഡിയവൺ വിലക്കിനെതിരെ പ്രതികരിച്ച അഡ്വ. സെബാസ്റ്റ്യന്‍ പോളിനെതിരെ ക്രിമിനൽ കേസ്
|ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസ് സെബാസ്റ്റ്യൻ പോൾ പാസ് പോർട്ട് പുതുക്കാൻ അപേക്ഷ നൽകിയപ്പോഴാണ് പുറത്തറിഞ്ഞത്
കൊച്ചി: മീഡിയവൺ വിലക്കിനെതിരായ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത എം.എൽ.എമാർക്കും മുൻ എം.പി സെബാസ്റ്റ്യൻ പോളിനുമെതിരെ ക്രിമിനൽ കേസ്. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് 60 പേർക്ക് എതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസ് സെബാസ്റ്റ്യൻ പോൾ പാസ് പോർട്ട് പുതുക്കാൻ അപേക്ഷ നൽകിയപ്പോഴാണ് പുറത്തറിഞ്ഞത്. മീഡിയാവൺ സംപ്രേഷണ വിലക്കിനെതിരെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കൊച്ചിയിൽ നടത്തിയ പ്രതിഷേധ പരിപാടിക്കെതിരെയാണ് കേസ്.
എംഎൽഎമാരായ കെ ബാബു, ടി.ജെ വിനോദ്, മുതിർന്ന മാധ്യമ പ്രവർത്തകനും മുൻ എം.പിയുമായ സെബസ്റ്റ്യൻ പോൾ തുടങ്ങി 62 പേരാണ് പ്രതികൾ. ഐ.പി.സി 143 പ്രകാരം നിയവിരുദ്ധമായ സംഘം ചേരൽ , 147 പ്രകാരം സംഘം ചേർന്ന് സംഘർഷം സൃഷ്ടിക്കൽ തുടങ്ങി എട്ട് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ് ഈ വകുപ്പുകൾ. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്ന പേരിൽ എപിഡമിക്ക് ആക്ട് പ്രകാരമുള്ള വകുപ്പും എ.ഫ്.ഐ ആറിലുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനായി നടത്തിയ പരിപാടിക്കെതിരെയാണ് അസാധാരണ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.