'അച്ഛനും അമ്മയുമടക്കം എന്റെ കുടുംബത്തിലെ 9 പേരാണ് മരിച്ചുപോയത്'; പ്രിയപ്പെട്ടവരെല്ലാം മണ്ണിൽ പുതഞ്ഞുപോയതിന്‍റെ വേദനയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ
|പലരും ഭക്ഷണം കഴിക്കാന്‍ പോലും വരുന്നില്ലെന്ന് വളണ്ടിയര്‍മാര്‍
മേപ്പാടി: 'അച്ഛൻ, അമ്മ,അച്ഛന്റെ രണ്ട് അനിയന്മാർ, അവരുടെ ഭാര്യമാർ,മൂന്ന് മക്കൾ..എന്റെ കുടുംബത്തിലെ ഒമ്പതു പേരാണ് മരിച്ചുപോയത്. ഒരു പെങ്ങളെ മാത്രം ജീവനോടെ കിട്ടി'...മേപ്പാടി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന യുവാവ് വാക്കുകൾ കിട്ടാതെ വിതുമ്പി.. സ്വന്തം മകനടക്കം കുടുംബത്തിലെ ഒമ്പതു പേര്‍ നഷ്ടമായതിന്‍റെ വേദനയായിരുന്നു മറ്റൊരു യുവാവിന് പങ്കുവെക്കാനുണ്ടായിരുന്നത്. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും പ്രിയപ്പെട്ടവരെല്ലാം മണ്ണിൽ പുതഞ്ഞുപോയതിന്‍റെ വേദനിക്കുന്ന മുഖങ്ങള്‍ മാത്രമാണ് കാണാനാവുന്നത്. ഭക്ഷണമെല്ലാം ഒരുക്കിയിട്ടും ക്യാമ്പിലുള്ളവരില്‍ പലരും കഴിക്കാന്‍ വരുന്നില്ലെന്നാണ് വളണ്ടിയര്‍മാരും പറയുന്നത്.
ചൊവ്വാഴ്ച പുലർച്ചെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ഒന്നും ബാക്കിവെക്കാതെയാണ് കടന്നുപോയത്. ഒരു ഗ്രാമമൊന്നാകെ ഒഴുകിപ്പോയി. അന്ന് രാത്രി ഉറങ്ങാൻ കിടന്നത് മരണത്തിലേക്കാണെന്ന് അവർക്കാർക്കും അറിയില്ലായിരുന്നു. മണ്ണും കൂറ്റൻ പാറക്കല്ലുകളും കുതിച്ചെത്തിയപ്പോൾ നിലവിളിക്കാൻ പോലുമാകാതെ അവർ മരണത്തിലേക്ക്... ഒരായുസ് മുഴുവൻ സ്വരുക്കൂട്ടിയതെല്ലാം കൺമുന്നിലൂടെ ഒലിച്ചുപോകുന്നത് കണ്ട് ജീവൻ മാത്രം ബാക്കി കിട്ടിയ ഒരുപാട് പേരും അക്കൂട്ടത്തിലുണ്ടായിരുന്നു. കുടുംബത്തിലെ പ്രിയപ്പെട്ടവരെല്ലാം കൺമുന്നിലൂടെ മറയുന്നത് കാണേണ്ടി വന്നവരും നിരവധിയാണ്. മേപ്പാടി ദുരിതാശ്വാസ ക്യാമ്പിൽ മുണ്ടക്കൈ ഉരുൾപൊട്ടലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരാണ് ഒട്ടുമിക്കപേരും.
അതേസമയം, വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 166 ആയി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സൈന്യവും മേഖലയിലേക്ക് എത്തി. ഏഴിമല നാവിക അക്കാദമിയിലെ 60 അംഗസംഘംമാണ് പുതിയതായി ദൗത്യത്തിൽ പങ്കുചേർന്നത്. പാങ്ങൊടുനിന്നുള്ള സൈനികരുടെ സംഘം കോഴിക്കോടുനിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഡോഗ് സ്ക്വാഡിനെയും മുണ്ടക്കൈയിലെത്തിച്ചു.
ഇന്ന് മുണ്ടക്കൈയിൽ നിന്ന് ആറും നിലമ്പൂരിൽ നിന്ന് രണ്ടും മൃതദേഹങ്ങൾ കണ്ടെത്തി. മുണ്ടക്കൈയിൽ നിന്ന് കണ്ടെത്തിയവരിൽ മൂന്നുപേർ നേപ്പാൾ സ്വദേശികളാണ്.