'രാവിലെ എണീറ്റ് വന്നപ്പോ നെഞ്ച് പൊട്ടിപ്പോയ്'; വേദനയടക്കാനാവാതെ ദുരന്തഭൂമിയിൽ ജീവൻ മാത്രം ബാക്കിയായ മനുഷ്യർ
|ഒരാൾപൊക്കത്തിലാണ് ബാക്കിയായ വീടുകളിൽ മലവെള്ളം കയറിയിറങ്ങിയത്
ചൂരൽമല(വയനാട്): ഉരുൾപൊട്ടൽ ഏറ്റവും ആഘാതമുണ്ടാക്കിയ ചൂരൽമലയിൽ നാലാം ദിവസവും രക്ഷാദൗത്യം തുടരുകയാണ്. മണ്ണിനടിയിൽ ഇനിയാരെങ്കിലും ബാക്കിയുണ്ടോ എന്ന പരിശോധനയാണ് നടത്തുന്നത്. പ്രദേശവാസികളുടെ കൂടി സഹായത്തോടെയാണ് തിരിച്ചിൽ നടത്തുന്നത്. അതേസമയം, ഉരുൾപൊട്ടലിൽ അവശേഷിച്ച അപൂർവം വീടുകളുടെ അവസ്ഥയും അതീവ ദയനീയമാണ്. ഒരാൾപൊക്കത്തിലാണ് ബാക്കിയായ വീടുകളിൽ മലവെള്ളം കയറിയിറങ്ങിയത്.
ചെളിയും മണ്ണും അടിഞ്ഞുകൂടി വീടാകെ നശിച്ചിരിക്കുന്നു. എന്തോ ദുരന്തം വരാനുണ്ടെന്ന് കണ്ട് തലേദിവസം ബന്ധുവീടുകളിൽ അഭയം തേടിയതുകൊണ്ട് മാത്രമാണ് ചൂരൽമലയിലെ വില്ലേജ് റോഡിലെ രാജനും കുടുംബത്തിനും ജീവൻ മാത്രം തിരിച്ചു കിട്ടിയത്. എന്നാൽ ഉരുൾപൊട്ടലിൽ അയൽക്കാരും അവിടെയുണ്ടായിരുന്ന വീടുകളുമെല്ലാം തുടച്ചുനീക്കേണ്ടിവന്ന കാഴ്ചകാണുമ്പോൾ രാജന് വേദനയടക്കാനാകുന്നില്ല. പിറ്റേന്ന് രാവിലെ എണീറ്റ് വന്നപ്പോൾ നെഞ്ച് പൊട്ടിപ്പോയെന്ന് വിതുമ്പലോടെ രാജൻ മീഡിയവണിനോട് പറഞ്ഞു. നാടില്ല,നാട്ടുകാരില്ല,ഇതൊക്കെ എങ്ങനെ അതിജീവിക്കുമെന്നാണ് രാജനെപ്പോലെ ഉരുൾദുരന്തത്തെ അതിജീവിച്ച ഇവിടുത്തെ മനുഷ്യർ ചോദിക്കുന്നത്.