ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; അനുമതി അവശ്യ സേവനങ്ങള്‍ക്ക് മാത്രം
|ഒഴിവാക്കാനാകാത്ത യാത്രകളിൽ കാരണം കാണിക്കുന്ന രേഖ കയ്യില്‍ കരുതണം.
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്നു. പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അവശ്യ സേവനങ്ങൾക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പൊലീസ് പരിശോധന കര്‍ശനമാക്കും.
രോഗികളുടെ എണ്ണത്തിലും ടിപിആറിലും നേരിയ കുറവ് വന്നെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. എറണാകുളം ജില്ലയില്‍ 11000ത്തിലധികമായിരുന്നു ഇന്നലെ രോഗികള്‍. തിരുവനന്തപുരത്തും കോഴിക്കോട്ടും സ്ഥിതി ഗുരുതരമാണ്. രോഗവ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ചത്തേതിന് സമാനമായ നിയന്ത്രണങ്ങളാകും ഇന്നും ഉണ്ടാകുക. ഒഴിവാക്കാനാകാത്ത യാത്രകളിൽ കാരണം കാണിക്കുന്ന രേഖ കയ്യില്‍ കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയെടുക്കുമെന്നാണ് പൊലീസിന്റെ അറിയിപ്പ്.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സൽ സംവിധാനം മാത്രമേ അനുവദിക്കൂ. ദീർഘദൂര ബസുകള്‍ക്കും ട്രെയിനുകള്‍ക്കും അനുമതി ഉണ്ട്. ആശുപത്രികളിലേക്കും റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി സർവീസ് നടത്തും. അടിയന്തര സാഹചര്യത്തിൽ വർക് ഷോപ്പുകൾ തുറക്കാം. ബിവറേജസും ബാറുകളും പ്രവർത്തിക്കില്ല. കള്ളുഷാപ്പുകൾക്ക് പ്രവർത്തനാനുമതി ഉണ്ട്. രാവിലെ 7 മുതൽ രാത്രി 9 വരെയാണ് കള്ളുഷാപ്പുകൾ പ്രവർത്തിക്കുക. ഫെബ്രുവരി പകുതിയോടെ സ്ഥിതി നിയന്ത്രണ വിധേയമാകുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.