നെല്ല് സംഭരണത്തിലെ ക്രമക്കേട്; കോടതിയെ സമീപിച്ച കർഷകനെതിരെ മില്ലുടമകളുടെയും സപ്ലൈകോയുടെയും പ്രതികാര നടപടി
|കോട്ടയം ആർപ്പൂക്കര സ്വദേശി സജി എം. എബ്രഹാമിന്‍റെ നെല്ല് സപ്ലൈകോ സംഭരിച്ചില്ല
കോട്ടയം: നെല്ല് സംഭരണത്തിലെ ക്രമക്കേട് തടയുന്നതിനായി കോടതിയെ സമീപിച്ച കർഷകനെതിരെ മില്ലുടമകളുടെയും സപ്ലൈകോയുടെയും പ്രതികാര നടപടി. കോട്ടയം ആർപ്പൂക്കര സ്വദേശി സജി എം. എബ്രഹാമിന്‍റെ നെല്ല് സപ്ലൈകോ സംഭരിച്ചില്ല. ഇടനിലക്കാരെ ഒഴിവാക്കി സപ്ലൈകോ നേരിട്ട് നെല്ല് സംഭരിക്കണമെന്ന് സജിയുടെ ഹരജിയിൽ കോടതി ഉത്തരവ് ഇട്ടിരുന്നു.
വർഷങ്ങളായി ഇടനിലക്കാരുടെ ചൂഷണം അടക്കം നിരവധി വെല്ലുവിളികളാണ് നെല്ല് സംഭരണത്തിൽ കർഷകർ നേരിട്ടിരുന്നത്. ഇതിന് തടയിടാൻ വേണ്ടിയാണ് കർഷകനായ സജി കോടതിയെ സമീപിച്ചത്. ഗുണമേന്മ പരിശോധനയിലെ അട്ടിമറികൾ ഉൾപ്പെടെ കർഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കർഷകന് അനുകൂലമായി കോടതി വിധിയും വന്നു. എന്നാൽ കോടതിയെ സമീപിച്ച കർഷകനെ കൃഷിയിൽ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് സപ്ലൈകോയുടെ ഭാഗത്ത് നിന്നും പിന്നിട് ഉണ്ടായത്. നെല്ല് കൊയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും സംഭരിക്കൻ തയ്യാറായിട്ടില്ല.
ഇടനിലക്കാരുടെ വിരോധം മൂലം പാടശേഖരത്തെ 120 ൽ അധികം വരുന്ന കർഷകരുടെ നെല്ല് കെട്ടിക്കിടക്കുകയാണ്. ഒരു കർഷകന്‍റെ നെല്ലു മാത്രം പരിശോധിച്ചാണ് നിലവിൽ പാടശേഖരത്തെ ഗുണനിലവാരം നിശ്ചയിക്കുന്നത്. ഇതും അശാസ്ത്രീയമാണെന്ന് കർഷകർ പറയുന്നു. ഇടനിലക്കാരിൽ നിന്നും കർഷകരെ രക്ഷിക്കേണ്ട സപ്ലൈകോ മൗനം തുടരുകയാണ്. ഇടയ്ക്കിടെ വേനൽ മഴ വരുന്ന സാഹചര്യത്തിൽ പാടത്ത് കിടക്കുന്ന നെല്ല് നശിച്ചു പോകുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.