ഷുക്കൂർ, ഫസൽ വധക്കേസുകൾ അന്വേഷിച്ച മുൻ ഡിവൈഎസ്പി ബിജെപിയിൽ
|കണ്ണൂരിലെ ബിജെപി ഓഫീസിൽ എത്തിയാണ് സുകുമാരൻ അംഗത്വം സ്വീകരിച്ചത്.
കണ്ണൂർ: അരിയിൽ ഷുക്കൂർ, തലശേരി ഫസൽ വധക്കേസുകൾ അന്വേഷിച്ചിരുന്ന മുൻ ഡിവൈഎസ്പി പി. സുകുമാരൻ ബിജെപിയിൽ. കണ്ണൂരിലെ ബിജെപി ഓഫീസിൽ എത്തിയാണ് സുകുമാരൻ അംഗത്വം സ്വീകരിച്ചത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് റിട്ട. ഡിവൈഎസ്പി സുകുമാരന് പാർട്ടി അംഗത്വം നല്‍കിയത്.
കൂടാതെ, നാറാത്ത് കേസ് പ്രാഥമിക ഘട്ടത്തില്‍ അന്വേഷിച്ചതും കണ്ണൂർ മുൻ ഡിവൈഎസ്പിയായിരുന്ന സുകുമാരനായിരുന്നു. കേസിൽ യുഎപിഎ ചുമത്തിയതിൻ്റെ കാരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിൽ മദ്രസ സിലബസിനെക്കുറിച്ചുള്ള സുകുമാരന്റെ പരാമർശം വിവാദമായിരുന്നു. മുസ്‌ലിംകളുടെ മനോഭാവമാണ് യുഎപിഎ ചുമത്താൻ കാരണമെന്നും മദ്രസ സിലബസ് പരിഷ്കരിക്കണമെന്നുമായിരുന്നു പരാമർശം.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സിപിഎം പ്രവര്‍ത്തകന്റെ മലദ്വാരത്തില്‍ കമ്പി കയറ്റിയെന്ന ഗുരുതര ആരോപണം അന്നത്തെ സിപിഎം നേതാക്കള്‍ ഉന്നയിച്ചിരുന്നു. തുടർന്ന്, എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ പി. സുകുമാരനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.