പിവി അൻവർ ഭൂമി കൈവശം വെച്ചെന്ന പരാതി; റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു
|ജനുവരി നാലിന് തുടർനടപടികൾ അറിയിക്കണമെന്നാണ് കോടതി നിർദേശം
ഭൂപരിധി നിയമം ലംഘിച്ച് പി വി അൻവർ എംഎൽഎ ഭൂമി കൈവശം വെച്ചെന്ന പരാതിയിൽ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ രേഖകളുമായി എത്താൻ നോട്ടീസ് നൽകിയിട്ടും എംഎൽഎ ഹാജരായിരുന്നില്ല. 2017 ലാണ് പിവി അൻവറിനും കുടുംബവും ഭൂപരിധി നിയമം ലംഘിച്ച് ഭൂമി കൈവശപ്പെടുത്തിയെന്ന പരാതി ലാൻഡ് ബോർഡിന് ലഭിച്ചത്.
മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജിയുടെ പരാതി പരിഗണിച്ച ലാൻഡ് ബോർഡ് നടപടിയെടുക്കാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തി. മൂന്ന് വർഷം കഴിഞ്ഞിട്ടും നടപടിയുണ്ടാക്കാത്തതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് വന്ന ആറ് മാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന കോടതി ഉത്തരവും നടപ്പായില്ല. ഇതേ തുടർന്ന് താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ പി അൻവർ സാദത്ത്, താമരശേരി താലൂക്ക് അഡീഷനൽ തഹസിൽദാർ കെ ബലരാജൻ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് വന്നു. ജനുവരി നാലിന് തുടർനടപടികൾ അറിയിക്കണമെന്നാണ് കോടതി നിർദേശം. അതിന്റെ അടിസ്ഥാനത്തിലാണ് രേഖകളുമായി കോഴിക്കോട് കലക്ടറേറ്റിൽ ഹാജരാകാൻ എംഎൽഎയോട് ആവശ്യപ്പെട്ടത്. എന്നാൽ എംഎൽഎ ഹാജരായില്ല. എന്നാൽ കോടതിലക്ഷ്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ് ലാൻഡ് ബോർഡിന്റെ ഹിയറിങെന്ന് പരാതിക്കാരൻ കെവി ഷാജി പറഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഉന്നത റവന്യൂ ഉദ്യോഗസ്ഥരാണ് നടപടി വൈകിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ പൂർത്തീകരിക്കാൻ ജസ്റ്റിസ് രാജ വിജയരാഘവനാണ് ഇടക്കാല ഉത്തരവിട്ടിരുന്നത്. അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജി സമർപ്പിച്ച കോടതി അലക്ഷ്യ ഹരജിയിലാണ് നടപടി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വില്ലേജ് ഓഫീസർമാർക്ക് എം.എൽ.എയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ സർവേ നമ്പറും വിസ്തീർണവും കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതിന് കൂടുതൽ സമയംവേണമെന്നാണ് താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാനായ കോഴിക്കേട് എൽ.എ ഡെപ്യൂട്ടികളക്ടർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു.
പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വച്ചതിന് പി.വി. അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന ലാൻഡ് ബോർഡ് ഉത്തരവ് മൂന്ന് വർഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരഹിതനായ ഷാജി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടപടി ക്രമങ്ങൾ അതിവേഗം പൂർത്തിയാക്കി ആറു മാസത്തിനകം താമരശേരി ലാൻഡ് ബോർഡ് ചെയർമാൻ, താമരശേരി അഡീഷണൽ തഹസിൽദാർ എന്നിവർ മിച്ച ഭൂമി കണ്ടുകെട്ടൽ നടപടി പൂർത്തീകരിക്കണമെന്ന് കഴിഞ്ഞ മാർച്ച് 24ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ എട്ടുമാസമായിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് പിന്നീട് കോടതിയലക്ഷ്യ ഹരജി നൽകുകയായിരുന്നു. മലപ്പുറം, കോഴിക്കോട് കലക്ടർമാർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ പി.വി.അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നതായി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം അൻവറിനതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ ലാൻഡ് ബോർഡ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന് ഉത്തരവും നൽകി.
The Revenue Department has initiated action on a complaint that PV Anwar MLA possessed land in violation of the Land Limitation Act.