മഴ; ഡിസാസ്റ്റർ പ്ലാൻ കൊണ്ടുവരാൻ ആലോചനയുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ
|അത്യാവശ്യ അവധിയില്ലാത്ത റവന്യൂ ഉദ്യോഗസ്ഥർ തിരികെയെത്തണമെന്നും റവന്യുമന്ത്രി
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കലക്ടർമാരുടെ യോഗം ചേർന്നു. ഡിസാസ്റ്റർ പ്ലാൻ കൊണ്ടുവരാൻ ആലോചനയുണ്ടെന്ന് റവന്യൂ മന്ത്രി മന്ത്രി കെ.രാജൻ വ്യക്തമാക്കി. അത്യാവശ്യ അവധിയില്ലാത്ത റവന്യൂ ഉദ്യോഗസ്ഥർ തിരികെയെത്തണമെന്നും റവന്യുമന്ത്രി വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരത്ത് പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 16) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്.
കനത്ത മഴയില്‍ തിരുവനന്തപുരത്ത് വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മലയോര- നഗരമേഖലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. കഴക്കൂട്ടത്ത് നാല്‍പതിലധികം വീടുകള്‍ വെള്ളത്തിനടിയിലായി. വെഞ്ഞാറമ്മൂട് രണ്ട് വീടുകള്‍ തകര്‍ന്നു. വാമനപുരം ,തെറ്റിയാര്‍ നദികള്‍ കരകവിഞ്ഞൊഴുകി.
ജില്ലയില്‍ 21 ദുരാതശ്വാസ ക്യാമ്പുകള്‍ തുറന്നു. 875 പേരെ വിവിധ ക്യാമ്പുകളില്‍ മാറ്റിപാര്‍പ്പിച്ചു. ജില്ലയില്‍ 6 വീടുകള്‍ പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങള്‍, ബീച്ച് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.