മുല്ലപ്പെരിയാറിന്റെ പരിസരത്ത് നിന്ന് 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് റവന്യൂമന്ത്രി
|മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റർ പരിസരത്ത് നിന്ന് ആളുകളെ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്
മുല്ലപ്പെരിയാറിന്റെ പരിസരത്ത് നിന്ന് 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് റവന്യൂ മന്ത്രി കെ.രാജന്. സര്‍ക്കാര്‍ അതീവ ജാഗ്രതയാണ് വിഷയത്തില്‍ പുലര്‍ത്തുന്നത് എന്നും അനാവശ്യ ഭീതി പടർത്തരുത് എന്നും മന്ത്രി അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുസജ്ജമാണ്. ചക്രവാതച്ചുഴി നിലനിൽക്കുന്ന തിനാൽ കാലാവസ്ഥ പ്രവചനാതീതമാണ്. മന്ത്രി പറഞ്ഞു.
'മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റർ പരിസരത്ത് നിന്ന് ആളുകളെ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.. 5 ക്യാമ്പുകളാണ് ഇപ്പോള്‍ തുറന്നത്. ആകെ 834 കുടുംബങ്ങളെയാണ് മാറ്റേണ്ടിവരിക. ആദ്യ പടിയായി ഇപ്പോള്‍ 339 കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. രണ്ട് ഡെപ്പ്യൂട്ടി കളക്ടർമാർക്ക് ചുമതല കൊടുത്തു. ജനങ്ങള്‍ക്കിടയില്‍ വിഷയത്തില്‍ അതീവ ജാഗ്രതയുണ്ടാവണം. സർക്കാരിന്റെ നിര്‍ദേശങ്ങള്‍ യഥാവിധി പാലിക്കണം. എല്ലാ വകുപ്പുകളെയും കൂട്ടിയിണക്കി പ്രവർത്തനങ്ങൾ സജീവമായി നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
തെക്കൻജില്ലകളിൽ കൂടുതൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നതെന്നും കാലവർഷം കടന്നുവന്നതിനൊപ്പം തന്നെ തുലാവർഷവും കടന്നു വന്നതിനാല്‍ കേരളത്തിലെ കാലാവസ്ഥ പ്രവചനാതീതമാണിപ്പോളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏത് സമയത്തും അലര്‍ട്ടുകള്‍ മാറാം. ഒന്നാം തിയതി വരെ സംസ്ഥാനത്ത് കഠിനമായ മഴയുണ്ടാവും. നാളെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട ,ആലപ്പുഴ ഇടുക്കി, ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാര്യക്ഷമമായി ഇടപെടാൻ 12 എൻ.ബി.ആർ എഫ് ടീമുകളെ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഫയർഫോഴ്സും പോലീസും സുസജ്ജമാണ്.സംസ്ഥാനത്ത് 109 ക്യാമ്പുകളിലായി 9734 ആളുകളാണ് ഇപ്പോള്‍ ക്യാമ്പുകളില്ലുള്ളത് എന്നും മന്ത്രി അറിയിച്ചു.