അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്ന് വാഹനങ്ങള്‍ പിടിച്ചെടുത്ത് റവന്യൂ സ്ക്വാഡ്
|തോട്ടഭൂമിയില്‍ രേഖകളില്ലാതെ കരിങ്കല്‍ ഖനനത്തിനുപയോഗിക്കുന്ന വാഹനങ്ങളാണ് പിടികൂടിയത്
കോഴിക്കോട്: താമരശ്ശേരിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്ന് രണ്ട് വാഹനങ്ങള്‍ റവന്യൂ സ്ക്വാഡ് പിടിച്ചെടുത്തു. തോട്ടഭൂമിയില്രേഖകളില്ലാതെ കരിങ്കല്‍ ഖനനത്തിനുപയോഗിക്കുന്ന വാഹനങ്ങളാണ് റവന്യൂ സ്ക്വാഡ് പിടികൂടിയത്. മുൻപും ക്വാറിയില്‍ പരിശോധന നടന്നിരുന്നെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഖനനം തുടരുകയായിരുന്നു.
താമരശ്ശേരി അമ്പായത്തോട് വെഴുപ്പൂര്‍ എസ്റ്റേറ്റിലെ അനധികൃത ക്വാറി ഖനനമാണ് റവന്യൂ സ്ക്വാഡ് പിടികൂടിയത്. തോട്ട ഭൂമിയില്‍ ഉള്‍പ്പെട്ട ക്വാറിയില്‍ ഖനനം നടക്കുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉമാ കാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന . ഖനനം നടക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ടാണ് റവന്യൂ സംഘം പരിശോധനക്കെത്തിയത്. ഒരു ഹിറ്റാച്ചിയും ടിപ്പറും സംഘം കസ്റ്റഡിയിലെടുത്തു. ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്തെങ്കിലും ഹിറ്റാച്ചിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടത്തിനാല് വാഹനം നീക്കം ചെയ്യാനായില്ല. മണിക്കൂറുകള്‍ക്ക് ശേഷം പോലീസിന്റെ സഹായത്തോടെയാണ് ഹിറ്റാച്ചി ലോറിയില്‍ കയറ്റി താമരശ്ശേരി താലൂക്ക് ഓഫീസ് പരിസരത്ത് എത്തിച്ചത്. നേരത്തേയും ഇതേ ക്വാറിയില്‍ റവന്യൂ സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി സംബന്ധിച്ച് ജിയോളജി വകുപ്പിനും ജില്ലാ കലക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.