സാരിയല്ലാത്ത വേഷങ്ങളും ധരിക്കാം; കേരളത്തിലെ വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ ഡ്രസ്കോഡ് പരിഷ്കരിക്കുന്നു
|വനിതാ ജുഡിഷ്യൽ ഓഫീസർമാരുടെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യമാകാൻ പോകുന്നത്.
കൊച്ചി: കേരളത്തിലെ വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ ഡ്രസ്കോഡ് പരിഷ്കരിക്കാൻ തീരുമാനം. സാരിക്ക് പകരം മറ്റ് വേഷങ്ങളും ഔദ്യോഗിക വേഷമായി അംഗീകരിക്കും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഉത്തരവ് ഉടൻ പുറത്തിറങ്ങും.
കേരളത്തിലെ വനിതാ ജുഡിഷ്യൽ ഓഫീസർമാരുടെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യമാകാൻ പോകുന്നത്. വസ്ത്രധാരണത്തിൽ മാറ്റം വരുത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ വനിതാ ഉദ്യോഗസ്ഥർ രജിസ്ട്രിക്ക് കത്തയച്ചിരുന്നു. വിഷയം പരിശോധിക്കാൻ ജഡ്ജിമാരുടെ സമിതിയും രൂപികരിച്ചു.
ഈ സമിതിയുടെ റിപ്പോർട്ടാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും പിന്നാലെ ചേർന്ന ഫുൾ കോർട്ടും അംഗീകരിച്ചത്. ഉത്തരവ് പുറത്തിറങ്ങുന്നതോടെ സാരിക്ക് പകരം മറ്റ് വേഷങ്ങളും വനിതാ ജുഡീഷ്യൽ ഓഫീസർമാർക്ക് ധരിക്കാൻ കഴിയും. കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ്റെ 69ാമത് സമ്മേളന വേദിയിൽ ചീഫ് ജസ്റ്റിസ് എ.ജെ ദേശായിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
കേരളത്തിലെ 474 ജഡജിമാരിൽ 229 പേരും സ്ത്രീകളാണ്. കാലാവസ്ഥയും വ്യക്തികളുടെ സൗകര്യവും പരിഗണിച്ച് ഔദ്യോഗിക വേഷമായ സാരിക്കൊപ്പം മറ്റ് വസ്ത്രങ്ങളും അനുവദിക്കണമെന്നായിരുന്നു വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ ആവശ്യം.