സപ്ലൈകോ സംഭരിച്ച നെല്ലിന് പ്രതിഫലമില്ല; മൂന്ന് മാസമായി പണം ലഭിച്ചില്ലെന്ന് കർഷകർ
|പണം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ മലപ്പുറം ജില്ലാ കൃഷിഭവനിലേക്കു മാർച്ച് നടത്തി
മലപ്പുറം: നെൽ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന് വില നൽകാതെ സപ്ലൈകോ. മൂന്ന് മാസം മുമ്പാണ് സപ്ലൈകോ കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചത്. പണം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ മലപ്പുറം ജില്ലാ കൃഷിഭവനിലേക്കു മാർച്ച് നടത്തി.
ഇത്തവണ മുൻ വര്‍ഷത്തെക്കാൾ കൂടുതൽ വിളവ് ലഭിച്ചെങ്കിലും മലപ്പുറത്തെ നെല്‍ കര്‍ഷകരുടെ ദുരിതത്തിന് കുറവില്ല. കിലോഗ്രാമിന് 28.20 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. നെല്ലിന്റെ വിലയായി ഒരാഴ്ചയ്ക്കുള്ളിൽ പണം അക്കൗണ്ടിൽ ലഭിക്കുമെന്ന ഉറപ്പ് മൂന്നുമാസം കഴിഞ്ഞിട്ടും നടപ്പായില്ല.
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ വായ്പ എടുത്തും കടം വാങ്ങിയുമാണ് ഭൂരിഭാഗം നെൽകർഷകരുടെയും കൃഷി. അടുത്ത കൃഷിയിറക്കാൻ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഇവർ. കൈമാറിയ വിളവിന്റെ വില ലഭിക്കാന്‍ ഇനിയും വൈകിയാല്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം.