Kerala
അപഹാസ്യനായ മുഖ്യമന്ത്രിയും ആറര കള്ളങ്ങളും; പരിഹസിച്ച് ലത്തീൻ അതിരൂപത
Kerala

"അപഹാസ്യനായ മുഖ്യമന്ത്രിയും ആറര കള്ളങ്ങളും"; പരിഹസിച്ച് ലത്തീൻ അതിരൂപത

Web Desk
|
19 Oct 2022 5:29 AM GMT

മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളങ്ങളാണെന്നാണ് ലത്തീൻ അതിരൂപതയുടെയും സമരസമിതിയുടെയും ആരോപണം.

തിരുവനന്തപുരം: കേരളത്തിന്റേത് അപഹാസ്യമായ മുഖ്യമന്ത്രിയും ആറര കള്ളങ്ങളുമെന്ന് പരിഹസിച്ച് ലത്തീൻ അതിരൂപത. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം. കള്ളം പറയാൻ മടിയില്ലാത്ത ആളാണ് മുഖ്യമന്ത്രിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ആരോപിച്ചു. സമരക്കാരുടെ ആറ് ആവശ്യങ്ങളും അംഗീകരിച്ചുവെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഫാദർ രംഗത്തെത്തിയത്.

വിഴിഞ്ഞം സമരത്തിൽ സർക്കാർ നിലപാട് എന്താണെന്ന് മുഖ്യമന്ത്രി പലതവണ ആവർത്തിച്ചിരുന്നു. സമരവുമായി ബന്ധപ്പെട്ടുകൊണ്ട് സമരസമിതി ഉയർത്തുന്ന ഏഴ് ആവശ്യങ്ങളിൽ ആറെണ്ണവും അംഗീകരിച്ചുവെന്നാണ് മുഖ്യമന്ത്രി ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഏഴ് ആവശ്യങ്ങളാണ് പ്രധാനമായും സമരസമിതിയും ലത്തീൻ അതിരൂപതയും മുന്നോട്ടുവെക്കുന്നത്. ഇതിൽ മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ ചർച്ചയിൽ അഞ്ച് കാര്യങ്ങൾ പാലിക്കാമെന്ന് സർക്കാർ സമരസമിതിയെയും ലത്തീൻ അതിരൂപതയേയും അറിയിച്ചിരുന്നു.

എന്നാൽ, സമരം ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയല്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ആറ് ആവശ്യങ്ങൾ അംഗീകരിച്ചുകഴിഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെച്ചുകൊണ്ട് ശാസ്ത്രീയ പഠനം നടത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളങ്ങളാണെന്നാണ് ലത്തീൻ അതിരൂപതയുടെയും സമരസമിതിയുടെയും ആരോപണം.

മന്ത്രിമാരടക്കം പല തവണയായി കള്ളങ്ങൾ ആവർത്തിക്കുകയാണ്. ഇത് മുഖ്യമന്ത്രിയുടെ അറിവോട് കൂടി തന്നെയാണ്. മുഖ്യമന്ത്രിയും അതെ കള്ളങ്ങൾ തന്നെയാണ് ആവർത്തിക്കുന്നത്. സമരം നടത്തുന്നവരോട് യാതൊരു അനുകമ്പയും സർക്കാർ കാണിക്കുന്നില്ലെന്നും ഫാ.തിയോഡേഷ്യസ് പറഞ്ഞു. അതേസമയം, വിഴിഞ്ഞം തുറമുഖത്തിനെതിരെ മൽസ്യത്തൊഴിലാളികൾ നടത്തുന്ന സമരം 64 ദിവസം പിന്നിട്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് അദാനി സമർപ്പിച്ച ഹരജിയിൽ സമരസമിതിയും ലത്തീൻ അതിരൂപതയും കക്ഷി ചേർന്നിട്ടുണ്ട്. ഇന്ന് തന്നെ അടിയന്തരമായി സമരസമിതിയുടെ ഹരജി പരിഗണിക്കണമെന്ന് ലത്തീൻ അതിരൂപത കോടതിയിൽ ആവശ്യപ്പെടും.

Similar Posts