റിഫയുടെ മരണം: ഇനി വരാനുള്ളത് രാസപരിശോധനാഫലം
|ഭർത്താവ് മെഹ്നാസിന്റെ ശാരീരക മാനസിക പീഡനത്തെ തുടർന്നാണ് റിഫ മരിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഇനി വരാനുള്ളത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം. ശരീരത്തിൽ എന്തെങ്കിലും വിഷാംശങ്ങൾ എത്തിയാണോ മരണം സംഭവിച്ചതെന്ന് കണ്ടെത്താനാണ് ആന്തരികാവയവങ്ങൾ രാസപരിശോധന നടത്തുന്നത്. റിഫയുടേത് തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൊലപാതമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാണിച്ച് കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്.
ദുബൈയിൽവെച്ചാണ് റിഫ ആത്മഹത്യ ചെയ്തത്. ഇവർ താമസിക്കുന്ന മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് മെഹ്നാസിന്റെ ശാരീരക മാനസിക പീഡനത്തെ തുടർന്നാണ് റിഫ മരിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ദുബൈയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമാണ് മൃതദേഹം നാട്ടിലെത്തിച്ചതെന്നാണ് മെഹ്നാസ് പറഞ്ഞിരുന്നത്. ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ റിഫയുടെ മരണത്തിൽ മെഹ്നാസിന്റെ പങ്കിനെക്കുറിച്ചുള്ള സംശയം വർധിച്ചു. മരണത്തിന് ശേഷം തിരിച്ചുപോയ മെഹ്നാസ് ഇതുവരെ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റിഫയുടെ കുടുംബം പറഞ്ഞിരുന്നു.
റിഫയുടെ കഴുത്തിൽ വലിയ പാടുള്ളതായി കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വർധിപ്പിച്ചു. എന്നാൽ ഇത് തൂങ്ങിമരിച്ചപ്പോൾ കയർ കുരുങ്ങി ഉണ്ടായതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം ഭർത്താവ് മെഹ്നാസിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുള്ളതായാണ് പൊലീസ് പറയുന്നത്. നിലവിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനും മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ മെഹ്നാസ് തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 20ന് കോടതി പരിഗണിക്കും.