റിഫ മെഹ്നുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
|പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അല്‍പസമയത്തിനകം ആരംഭിക്കും
തിരുവനന്തപുരം: റിഫ മെഹ്നുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അല്‍പ്പ സമയം മുമ്പാണ് പോസ്റ്റ് മോര്‍ട്ടത്തിനായി റിഫയുടെ മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കും. കോഴിക്കോട് തഹസിൽദാരുടെ മേൽനോട്ടത്തിലാണ് നടപടികൾ. സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്.. മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ കുടുംബത്തിന്‍റെ പരാതിയെ തുടർന്നാണ് പോസ്റ്റ്മോര്‍ട്ടം.
കഴിഞ്ഞ ദിവസമാണ് ആര്‍ഡിഒ പോസ്റ്റ്മോര്‍ട്ടത്തിന് അനുമതി നല്‍കിയത്. തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥരുടെ സൗകര്യം കൂടി പരിഗണിച്ച് ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
റിഫ മെഹ്നുവിനെ മാര്‍ച്ച് ഒന്നിനാണ് ദുബൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ കുടുംബത്തിന്‍റെ പരാതിയിലുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് പോസ്റ്റ്മോര്‍ട്ടം. പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ റിഫയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്ന പ്രാഥമിക കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കാക്കൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യ പ്രേരണകുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയത്.