'ഖബറടക്കം കഴിഞ്ഞ് റിഫയുടെ പെട്ടിയും ഫോണുമായി പോയ മെഹനാസ് പിന്നെ തിരിഞ്ഞുനോക്കിയില്ല'
|മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുക്കാൻ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് പിതാവ് റാഷിദ് ഈറനണിഞ്ഞ കണ്ണുകളുമായി പിന്നിലോട്ട് നടന്നത്
കോഴിക്കോട്: ദുബൈയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിന്റെ കുഴിമാടം തുറന്ന് മൃതദേഹം പുറത്തെടുക്കുമ്പോൾ കണ്ടുനിൽക്കാനാവാതെ പിന്നിലേക്ക് നടന്ന് പിതാവ് റാഷിദ്. കോഴിക്കോട് കാക്കൂർ പാവണ്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു റിഫയെ അടക്കം ചെയ്തിരുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുക്കാൻ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് റാഷിദ് ഈറനണിഞ്ഞ കണ്ണുകളുമായി പിന്നിലോട്ട് നടന്നത്.
രാവിലെ മകൻ റിജുവിനൊപ്പമാണ് റാഷിദ് ഖബർസ്ഥാനിലെത്തിയത്. നിത്യവും മകൾക്ക് വേണ്ടി ഖബറിടത്തിൽപോയി പ്രാർത്ഥിക്കാറുണ്ട് റാഷിദ്. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ പോസ്റ്റുമോർട്ടം അനിവാര്യമാണെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം. ഖബറടക്കം കഴിഞ്ഞ് ഞൊടിയിടക്കുള്ളിൽ തന്നെ റിഫയുടെ പെട്ടിയും ഫോണും വസ്ത്രങ്ങളുമായി പോയ മെഹനാസ് പിന്നീട് ഒന്ന് അന്വേഷിക്കുക പോലും ചെയ്തില്ലെന്നും റിഫയുടെ ബന്ധുക്കൾ പറയുന്നു
അതേസമയം റിഫ മെഹ്നുവിന്റെ കഴുത്തില്‍ കണ്ട അടയാളം കേസന്വേഷണത്തിൽ വഴിത്തിരിവാകുകയാണ്. അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ഫോറൻസിക് വിഭാഗത്തിന് കൈമാറും. മരണത്തിലെ ദുരൂഹത നീക്കുകയായിരുന്നു പോസ്റ്റ്മോര്‍ട്ടത്തിന്റെ ലക്ഷ്യം. മറവ് ചെയ്ത് രണ്ട് മാസം കഴിഞ്ഞിരിക്കുന്നു.
നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമോ എന്ന സംശയം അന്വേഷണസംഘത്തിന് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം തന്നെയായിരുന്നു മുന്നിലെ കച്ചിത്തുരുമ്പ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നല്‍കിയിരുന്നത്. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
Summary- Rifa Mehnu's body Exhumed For PostMortem-Father Reaction