റിഫയുടെ കഴുത്തിലെ മുറിവ് ദുബൈയിലെ ഫോറൻസിക് റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു: അഡ്വ. പി. റഫ്ത്താസ്
|കേസന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്
കോഴിക്കോട്: ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്‌ളോഗർ റിഫ മെഹ്നുവിന്‍റെ കഴുത്തിൽ മുറിവുണ്ടെന്ന കാര്യം ദുബൈയിലെ ഫോറൻസിക് റിപ്പോർട്ടിലുമുണ്ടെന്ന് അഡ്വ. പി റഫ്ത്താസ്. റിഫയുടെ ഫോൺ കാണാതായി. ഇവർക്കൊപ്പം താമസിച്ചിരുന്ന ആളെയും കാണാനില്ല. റിഫയുടെ മരണത്തിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും അഡ്വ. പി റഫ്ത്താസ് മീഡിയവണിനോട് പറഞ്ഞു.
റിഫയുടെ മരണത്തില്‍ കേസന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. മെഹ്നാസിനെതിരെ നിലവിൽ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. ഇവരുടെ സുഹൃത്ത് ജംഷാദിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ജംഷാദിൽ നിന്നും ആവശ്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
റിഫ മരിച്ച ഉടൻ തന്നെ മെഹ്നാസ് ലൈവ് വീഡിയോ ചെയ്തത് ദൂരൂഹത വർധിപ്പിക്കുന്നുവെന്ന് അഭിഭാഷകൻ പി.റെഫ്താസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കുടുംബത്തിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തത്. പരിശോധനയിൽ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയിരുന്നു.