ശ്വാസകോശത്തില്‍ മരക്കഷ്ണം കുടുങ്ങിയ കുഞ്ഞിന് റിജിഡ് ബ്രോങ്കോസ്കോപ്പി വഴി പരിയാരത്ത് പുതുജീവന്‍
|അത്യാധുനിക ക്യാമറ സഹിതമുള്ള നവീന റിജിഡ് ബ്രോങ്കോ സ്കോപ്പി ചികിത്സ നടത്തി ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്ന മരക്കഷ്ണം പുറത്തെടുക്കുകയായിരുന്നു.
അബദ്ധത്തില്‍ മരക്കഷ്ണം വിഴുങ്ങിയതിനെത്തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടു ഗുരുതരാവസ്ഥയിലായ എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലെ ചികിത്സയിലൂടെ പുതുജീവന്‍. അടുക്കളയില്‍ കളിച്ചുകൊണ്ടിരിക്കെ, കയ്യില്‍ കിട്ടിയ എന്തോ ഒന്ന് കുഞ്ഞ് വായിലേക്കിടുകയായിരുന്നു. കുട്ടിയുടെ അമ്മ വായില്‍ കയ്യിട്ട് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുട്ടിക്ക് ചുമയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് പെട്ടെന്നുതന്നെ അടുത്തുള്ള ആശുപത്രിയില്‍ അടിയന്തിര ചികിത്സ നല്കിയ ശേഷം, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പരിശോധനയില്‍ വലത്തേശ്വാസകോശത്തില്‍ എന്തോ ഒന്ന് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. എന്താണ് വിഴുങ്ങിയതെന്ന് അപ്പോഴും കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് അറിയുമായിരുന്നില്ല. ശ്വാസതടസ്സം വര്‍ധിച്ചാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാവും എന്നതിനാല്‍ അടിയന്തര ചികിത്സ നല്കി, അത്യാധുനിക ക്യാമറ സഹിതമുള്ള നവീന റിജിഡ് ബ്രോങ്കോ സ്കോപ്പി ചികിത്സ നടത്തി ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്ന മരക്കഷ്ണം പുറത്തെടുക്കുകയായിരുന്നു.
എട്ടു മാസം മാത്രം പ്രായമുള്ള കുട്ടിയായതിനാല്‍ നിസ്സഹകരണമുണ്ടായാല്‍ ശ്വാസകോശത്തില്‍ കുടുങ്ങിയ വസ്തു പുറത്തെടുക്കുന്നതില്‍ സങ്കീര്‍ണത വര്ധിപ്പിച്ചേക്കുമെന്നതിനാലും ശ്വാസോച്ഛാസം പൂര്‍വസ്ഥിതിയിലാക്കാന്‍ അടിയന്തിര ചികിത്സ ആവശ്യമായിരുന്നു എന്നതിനാലും അനസ്തേഷ്യ നല്കിയ ശേഷമാണ് ചികിത്സ നടത്തിയതെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ. അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപും അറിയിച്ചു. ശ്വാസകോശവിഭാഗത്തിലെ ഡോ. മനോജ് ഡി.കെ, ഡോ. രാജീവ് റാം, ഡോ. കെ. മുഹമ്മദ് ഷഫീഖ്, ശിശുരോഗ വിഭാഗത്തിലെ ഡോ. എം.ടി.പി മുഹമ്മദ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ചാള്‍സ് തോമസ്, ഡോ. ബഷീര്‍ മണ്ഡ്യന്‍ എന്നിവരുമുള്‍പ്പെട്ട മെഡിക്കല്‍ സംഘമാണ് ചികിത്സ നടത്തിയത്.