ഉറച്ച നിലപാടും അനുഭവ സമ്പത്തിന്‍റെ കരുത്തുമായി ലീഗിന്‍റെ തലപ്പത്ത് സാദിഖലി ശിഹാബ് തങ്ങള്‍
|ഹൈദരലി ശിഹാബ് തങ്ങള്‍ രോഗാതുരനായിരിക്കെ നടന്ന വഖഫ് പ്രക്ഷോഭത്തിനടക്കം നേതൃത്വം നല്‍കി മികവ് തെളിയിച്ചിട്ടുണ്ട് സാദിഖലി തങ്ങള്
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റായും മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റായും പ്രവർത്തിച്ചതിന്‍റെ അനുഭവ പരിചയവുമായാണ് ലീഗ് സംസ്ഥാന അധ്യക്ഷന സ്ഥാനത്തേക്ക് സാദിഖലി ശിഹാബ് തങ്ങള്‍ കടന്നുവരുന്നത്. ഹൈദരലി ശിഹാബ് തങ്ങള്‍ രോഗാതുരനായിരിക്കെ നടന്ന വഖഫ് പ്രക്ഷോഭത്തിനടക്കം നേതൃത്വം നല്‍കി മികവ് തെളിയിച്ചിട്ടുണ്ട് സാദിഖലി തങ്ങള്‍. സമസ്തയുടെ പോഷക സംഘടനകളുടെ അധ്യക്ഷ പദവിയും അലങ്കരിച്ചിട്ടുണ്ട്.
പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മകന്‍. മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും സഹോദരന്‍. സാദിഖലി ശിഹാബ് തങ്ങളാണ് ഇനി മുസ്‍ലിം ലീഗിന്‍റെ സംസ്ഥാന അധ്യക്ഷന്‍. 1964 ല്‍ ജനനം. എസ്.കെ.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റായി പൊതുപ്രവർത്തന നേതൃനിരയിലേക്ക്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റായി ലീഗ് നേതൃനിരയിലേക്കെത്തി. 2009 മുതല്‍ മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പദവയിലേക്കും ഉന്നതാധികാര സമിതിയിലേക്കും. രോഗത്തെ തുടർന്ന് വിശ്രമത്തിലേക്ക് ഹൈദരലി ശിഹാബ് തങ്ങള്‍ മാറിയപ്പോള്‍ ഉന്നതാധികാര സമിതിയംഗമെന്ന നിലയില്‍ ലീഗിനെ മുന്നില്‍ നിന്ന് നയിച്ചു. സി.പി. എമ്മില്‍ നിന്ന് ലീഗിന് ശക്തമായ രാഷ്ട്രീയ വെല്ലുവിളി നേരിട്ട വഖഫ് പ്രക്ഷോഭ കാലത്ത് കോഴിക്കോട് കടപ്പുറത്ത് മഹാ സമ്മേളനം വിളിച്ചു ചേർത്ത് ലീഗ് മറുപടി പറഞ്ഞപ്പോള്‍ അമരത്ത് സാദിഖലി ശിഹാബ് തങ്ങളായിരുന്നു. സ്വാഭാവിക തുടർച്ചയെന്നോണം ഹൈദരലി തങ്ങളുടെ വിയോഗത്തിന് ശേഷം ലീഗ് അധ്യക്ഷ സ്ഥാനത്തേക്ക് സാദിഖലി തങ്ങള്‍ തന്നെ വന്നു.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്, സമസ്ത കേരള ഇസ്‍ലാം മത വിദ്യഭ്യാസ ബോർഡ് നിർവ്വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ച സാദിഖലി തങ്ങള്‍ സമസ്തുമായും ജൈവിക ബന്ധം പുലർത്തുന്നുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ ജനറൽ സെക്രട്ടറി, പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ വൈസ് പ്രസിഡന്‍റ്, കോഴിക്കോട് ഇസ്ലാമിക് സെന്‍റര്‍ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. സഹോദരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉറച്ച നിലപാടുമായി മുന്നില്‍ നിന്ന് നയിക്കുന്ന രീതിയാണ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്. തുടർച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്തുള്ള മുസ്‍ലിം ലീഗിനെ അധികാരത്തിലേക്ക് തിരിച്ചെത്തിക്കുക തുടങ്ങി വെല്ലുവിളിയേറിയ ദൗത്യങ്ങളാണ് ഇനി സാദഖലി തങ്ങള്‍ക്ക് മുന്നില്‍.