റിയാസ് മൗലവി വധം: ചാനൽ വാർത്തകൾക്കടിയിൽ കമന്റിട്ടവർക്കെതിരെ കേസ്
|വർഗീയ സംഘർഷത്തിന് ആഹ്വാനം ചെയ്യുക, സമൂഹത്തിൽ സ്പർദ്ധ സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കാസർകോട്: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെവിട്ടതുമായി ബന്ധപ്പെട്ട് ചാനൽ വാർത്തകൾക്കടിയിൽ കമന്റിട്ടവർക്കെതിരെ കേസ്. വർഗീയ സംഘർഷത്തിന് ആഹ്വാനം ചെയ്യുക, സമൂഹത്തിൽ സ്പർദ്ധ സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഒരാൾക്കെതിരെയാണ് നിലവിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തിട്ടുള്ളത്. കേസിൽ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ കോടതി വെറുതെവിട്ടത്. അന്വേഷണത്തിന്റെ തുടക്കം മുതലുണ്ടായ വീഴ്ചയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്നാണ് വിലയിരുത്തൽ. ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളുടെ മുസ്ലിം വിരോധം മൂലം റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. എന്നാൽ ഇത് തെളിയിക്കാനാവശ്യമായ വസ്തുതകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് വിധിന്യായത്തിൽ പറയുന്നത്.
കേസിൽ ഗൂഢാലോചനയില്ലെന്ന നിലപാടാണ് പൊലീസ് തുടക്കം മുതൽ സ്വീകരിച്ചത്. തൊണ്ടിമുതലുകളായ കത്തി, മുണ്ട്, ഷർട്ട് എന്നിവയെ പ്രതിയുമായി ബന്ധപ്പെടുത്താൻ കഴിഞ്ഞില്ലെന്നുമുള്ള കണ്ടെത്തലുകളും വിരൽചൂണ്ടുന്നത് അന്വേഷണത്തിലെ വീഴ്ചയിലേക്കാണ്.