റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികൾക്കും ജാമ്യം
|അജേഷ്, അഖിലേഷ്, നിധിൻ കുമാർ എന്നിവരാണ് ജാമ്യം നേടിയത്
കാസർഗോഡ്: റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികൾക്കും ജാമ്യം. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായാണ് അജേഷ്, അഖിലേഷ്, നിധിൻ കുമാർ എന്നിവർ ജാമ്യം നേടിയത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ജാമ്യം.
കേസിൽ മൂന്ന് പ്രതികളെയും നേരത്തേ കാസർകോട് ജില്ലാ സെഷൻസ് കോടതി വെറുതേ വിട്ടിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹരജിയും നൽകി. കുറ്റവിമുക്തരാക്കപ്പെട്ട മൂന്നുപേർ 10 ദിവസത്തിനകം അതേ കോടതിയിൽ ഹാരജാവുകയും മൂന്നുപേരും 50,000 രൂപയുടെ ബോണ്ടുകളും രണ്ട് ജാമ്യക്കാരെയും ഹാജരാക്കി ജാമ്യം നേടണമെന്നുമായിരുന്നു ഹൈക്കോടതി നിർദേശം. ഇത് പ്രകാരമാണ് പ്രതികളിപ്പോൾ ജാമ്യം നേടിയിരിക്കുന്നത്.
വിചാരണക്കോടതി പരിധിയിൽ നിന്ന് വിട്ടുപോകരുത്, പാസ്‌പോർട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
റിയാസ് മൗലവി വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് സർക്കാർ അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്. അഡ്വക്കറ്റ് ജനറലുമായി മുഖ്യമന്ത്രി ചർച്ച നടത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അപ്പീലുമായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.