Kerala
Riyas Maulavi
Kerala

റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതെവിട്ട കോടതി വിധി നിരാശാജനകമെന്ന് മുസ്‌ലിം ലീഗ്‌

Web Desk
|
30 March 2024 9:20 AM GMT

കേസിനു ഈ ഗതി വരാനുള്ള കാരണം പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച വീഴ്ചയാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം

കോഴിക്കോട്: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ട കോടതി വിധി നിരാശാജനകമെന്ന് മുസ്‌ലിം ലീഗ്. യാതൊരു പ്രകോപനവുമില്ലാതെ പള്ളിയിൽ ഉറങ്ങി കിടന്ന സാധുവായ മനുഷ്യനെ സംഘം ചേർന്ന് സംഘ്പരിവാർ കാപാലികർ കൊലപ്പെടുത്തി. കേസിനു ഈ ഗതി വരാനുള്ള കാരണം പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച വീഴ്ചയാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയാണ് വെറുതെ വിട്ടത്. ആര്‍.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്.

പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാർച്ച് 20നാണ് പ്രതികൾ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.


Similar Posts