തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച റോബിൻ ബസിന് വാളയാറിൽ സ്വീകരണം
|കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് വാളയാറിൽ നാട്ടുകാരടക്കമുള്ളവർ സ്വീകരണം നൽകിയത്
പാലക്കാട്: തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച റോബിൻ ബസിന് വാളയാറിൽ സ്വീകരണം. കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച ശേഷം സർവീസ് പുനരാരംഭിക്കുമെന്ന് ഉടമ റോബിൻ ഗിരീഷ് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് വാളയാറിൽ നാട്ടുകാരടക്കമുള്ളവർ സ്വീകരണം നൽകിയത്.
പെർമിറ്റ് ലംഘനത്തിന് ഇന്നലെയാണ് റോബിൻ ബസ് തമിഴ്‌നാട് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തത്. പിഴ അടച്ച ശേഷമാണ് ബസ് വിട്ടു നൽകിയത്. അതേസമയം മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി രണ്ടാഴ്ചകൂടി നീട്ടി. റോബിൻ ബസ് നിയമ ലംഘനങ്ങൾ തുടരുകയാണെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
അതിനിടെ ബസ് സർവീസുകളെ ഗതാഗത വകുപ്പ് അകാരണമായി ദ്രോഹിക്കുന്നുവെന്ന് ലക്ഷ്വരി ബസ് ഓണേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. വിഷയം ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ഇവർ പറഞ്ഞു. അതിർത്തി നികുതി ഈടാക്കലിനെതിരെ 94 ബസുടമകൾ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി തമിഴ്‌നാട് സർക്കാരിന് നോട്ടീസയച്ചു. കോടതി ഉത്തരവ് നിലനിൽക്കെ എങ്ങനെ പിഴയിടുമെന്ന് കോടതി ചോദിച്ചു. ഉത്തരവ് പാലിക്കാമെന്ന് കേരളവും, തമിഴ്‌നാടും സുപ്രീം കോടതിയിൽ ഉറപ്പ് നൽകി. കേസിൽ ജനുവരി 9 ന് അന്തിമവാദം നടക്കും.