റോബിൻ ബസ്: പിഴ ഈടാക്കിയാൽ മാത്രമേ വിട്ടുനൽകൂവെന്ന് തമിഴ്‌നാട്, എന്ത് പ്രതിസന്ധി വന്നാലും സർവീസ് തുടരുമെന്ന് ഉടമ
|ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ നിയമവിരുദ്ധത ഉണ്ടെന്നാരോപിച്ച് കെ.എസ്.ആർ ടി സി നൽകിയ ഹരജി ഇന്ന് ഹൈക്കോടതിയിൽ
പാലക്കാട്: കേരള സർക്കാരുമായി ആലോചിച്ച ശേഷം പെർമിറ്റ് ലംഘനത്തിനുള്ള പിഴ ഈടാക്കിയെ ബസ് വിട്ട് നൽകൂവെന്ന് എന്ന് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് അറിയിച്ചതായി റോബിൻ ബസ് ഉടമ ഗിരീഷ്. എന്ത് പ്രതിസന്ധി വന്നാലും സർവീസ് തുടരാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു . വിഷയത്തിൽ തമിഴ്‌നാട് ഹൈക്കോടതിയെ സമീപിക്കാനാണ് ഗിരീഷ് ആലോചിക്കുന്നത്.
കഴിഞ്ഞദിവസമാണ് റോബിൻ ബസ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. പെർമിറ്റ് ലംഘിച്ചതിൽ ഗാന്ധിപുരം ആർ.ടി.ഒയാണ് ബസ് കസ്റ്റഡിയിലെടുത്തത്. ലംഘനം എന്താണെന്ന് ആർ.ടി.ഒ വ്യക്തമാക്കുന്നില്ലെന്ന് ബസ് ഉടമ റോബിൻ ഗിരീഷ് പറഞ്ഞിരുന്നു.
അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുമായി സർവീസ് നടത്തുന്ന റോബിൻ ബസ് നേരത്തെ കോയമ്പത്തൂർ ചാവടിയിൽ വച്ച് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് തടഞ്ഞിരുന്നു. ബസ് ഗാന്ധിപുരം സെൻട്രൽ ആർ.ടി.ഒ ഓഫീസിലേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നലെയാണ് ബസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ നിയമവിരുദ്ധത ഉണ്ടെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ദേശസാത്കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ഓൾഇന്ത്യ പെർമിറ്റിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് ദേശീയപാത വഴി സർവീസ് നടത്തുന്ന റോബിൻ ബസ്സിനെ തടയുകയാണ് ഹരജിയുടെ ലക്ഷ്യം. ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ സ്റ്റേജ് ക്യാരേജായി ഉപയോഗിക്കുന്നുവെന്നതാണ് നിലവിലുള്ള ആക്ഷേപം.