'എക്സാലോജിക്കിനെതിരെ സി.ബി.ഐ അന്വേഷണവും ആകാം'; ആർ.ഒ.സി റിപ്പോർട്ട് പുറത്ത്
|അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐയ്ക്കും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിക്കും എക്സാലോജിക്കും സി.എം.ആര്.എല്ലും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കാമെന്ന് ബംഗളൂരു ആർ.ഒ.സിയുടെ റിപ്പോര്‍ട്ടില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരെ സി.ബി.ഐ അന്വേഷണവും ആകാമെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്(ആർ.ഒ.സി) റിപ്പോര്‍ട്ട്. അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐ അന്വേഷണത്തിനു വിടാമെന്ന് ബംഗളൂരു ആർ.ഒ.സി റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിക്കും അന്വേഷിക്കാമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
ആർ.ഒ.സി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിനു ലഭിച്ചിട്ടുണ്ട്. ഇതേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനും സി.എം.ആര്.എല്ലിനും കെ.എസ്.ഐ.ഡി.സിക്കും എതിരെ കഴിഞ്ഞ ദിവസം കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐക്കോ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡിക്കോ അന്വേഷിക്കാമെന്നാണ് ഇതില്‍ പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്.
എക്സാലോജിക്കും സി.എം.ആർ.എല്ലുമായുള്ള ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കരാറിന്റെ വിശദാംശങ്ങൾ എക്സാലോജിക്ക് മറച്ചുവച്ചെന്നും ആരോപിക്കുന്നു. ഇതിലെല്ലാം വിശദമായ അന്വേഷണം നടത്താനും ശിപാര്‍ശയുണ്ട്.
മാസപ്പടി വിവാദം തുടരുന്നതിനിടെയാണ് എക്സാലോജിക്കിനെതിരെ ഉൾപ്പെ മൂന്നംഗ സംഘത്തെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്. സി.എം.ആർ.എൽ വീണയുടെ കമ്പനിക്ക് നൽകിയ തുകയെക്കുറിച്ച് ഉൾപ്പെടെ അന്വേഷിക്കും. നാലു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശമുണ്ട്. കർണാടക ഡെപ്യൂട്ടി രജിസ്ട്രാർ ഓഫ് കമ്പനിസ്(ആർ.ഒ.സി) വരുൺ ബി.എസ്, ചെന്നൈ വിഭാഗം ഡയരക്ടർ കെ.എം ശങ്കർ നാരായൺ, പുതുച്ചേരി ആർ.ഒ.സി എ. ഗോകുൽനാഥ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
2017ലാണ് എക്സാലോജിക്കും സി.എം.ആർ.എല്ലും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്കായി കരാറിൽ ഒപ്പുവച്ചത്. കരാർ പ്രകാരമാണ് വീണയ്ക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്സാലോജിക്കിന് മൂന്നു ലക്ഷം രൂപയും സി.എം.ആർ.എൽ നൽകിവന്നിരുന്നത്. എന്നാൽ, പണം നൽകിയ ഈ കാലയളവിൽ വീണയോ കമ്പനിയോ ഒരു തരത്തിലുമുള്ള സേവനങ്ങൾ സി.എം.ആർ.എല്ലിനു നൽകിയിട്ടില്ലെന്നു കണ്ടെത്തലുണ്ടായിരുന്നു.
സി.എം.ആർ.എൽ ഡയരക്ടർ ശശിധരൻ കർത്ത ആദായ നികുതി തർക്ക പരിഹാര ബോർഡിനു നൽകിയ മൊഴിയാണ് കണ്ടെത്തലിന്റെ അടിസ്ഥാനം. 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി എക്സാലോജിക്കിനു നൽകിയതായാണ് റിപ്പോർട്ട്. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണു പണമിടപാട് നടന്നത്.
Summary: Bangalore Registrar of Companies (ROC) report suggests for the CBI investigation against Exalogic, owned by Chief Minister Pinarayi Vijayan's daughter Veena Vijayan