കുതിരാന്‍ തുരങ്കം; റോഡ് നിർമ്മാണത്തിന്‍റെ ഭാഗമായുള്ള പാറ പൊട്ടിക്കൽ പരീക്ഷണ അടിസ്ഥാനത്തിൽ ഇന്ന് നടത്തും
|പരീക്ഷണം വിജയകരമായാൽ വരും ദിവസങ്ങളിലും നിയന്ത്രിത സ്ഫോടനത്തോടെ പാറ പൊട്ടിക്കൽ തുടരും
കുതിരാന്‍ തുരങ്കത്തിലേക്കുള്ള റോഡ് നിർമ്മാണത്തിന്‍റെ ഭാഗമായുള്ള പാറ പൊട്ടിക്കൽ പരീക്ഷണ അടിസ്ഥാനത്തിൽ ഇന്ന് നടത്തും. പരീക്ഷണം വിജയകരമായാൽ വരും ദിവസങ്ങളിലും നിയന്ത്രിത സ്ഫോടനത്തോടെ പാറ പൊട്ടിക്കൽ തുടരും. രണ്ടാം തുരങ്കത്തിലെ അഗ്നി രക്ഷ സംവിധാനങ്ങളുടെ ആദ്യ ട്രയൽ റൺ പൂർത്തിയാക്കി.
ഉച്ചക്ക് രണ്ടുമണിക്കാണ് പാറ പൊട്ടിക്കുന്നതിനുള്ള പരീക്ഷണ സ്ഫോടനം. തൃശൂര്‍ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലേക്ക് പ്രവേശിക്കാനാണ് പാറ പൊട്ടിച്ച് മാറ്റുന്നത്. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്‌ഫോടനം തീരുന്നതു വരെയുള്ള സമയത്ത് വഴുക്കുംപാറ മുതല്‍ തുരങ്കത്തിന്‍റെ എതിര്‍വശം വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനം നടത്തുന്നതിന് മുൻപും സ്ഫോടനത്തിന് ശേഷവും മുന്നറിയിപ്പിനായി അലാറം മുഴക്കും. രണ്ടാം തുരങ്കത്തിന്‍റെ ജോലികൾ 90 ശതമാനത്തിലേറെ പൂർത്തിയായി കഴിഞ്ഞു. തുരങ്കത്തിന്‍റെ അകത്തുള്ള അഗ്നി രക്ഷ സംവിധാനത്തിന്‍റെ ആദ്യ ട്രയൽ റൺ കഴിഞ്ഞ ദിവസം നടന്നു. കുറച്ച് മാറ്റങ്ങൾക്ക് ശേഷം വീണ്ടും ട്രയൽ റൺ നടത്തും. തുരങ്കത്തിനകത്തെ ഇലക്ട്രിക്കൽ ജോലികളും കോൺക്രീറ്റിങ്ങും പൂർത്തിയായി. അഗ്നി രക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലികൾ അന്തിമ ഘട്ടത്തിലെത്തി. ഏപ്രിലിൽ എല്ലാ ജോലികളും പൂർത്തിയാക്കി രണ്ടാം തുരങ്കവും തുറക്കാനാകുമെന്നാണ് പ്രതീക്ഷ.