Kerala
Kerala
പഞ്ഞിമിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ; ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി
|8 Feb 2023 2:18 PM GMT
നിരോധിത നിറങ്ങൾ ചേർത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു.
തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞിമിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തിയതിനാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അടുത്തിടെ രൂപം നൽകിയ സ്റ്റേറ്റ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നത്. നിരോധിത നിറങ്ങൾ ചേർത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തിൽ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവർത്തിച്ചിരുന്നത്. മിഠായി നിർമ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വിൽപ്പനക്കായി തയ്യാറാക്കിയിരുന്ന കവർ മിഠായികൾ പിടിച്ചെടുത്തു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.