കുറ്റാന്വേഷണ ജീവിതം അവസാനിപ്പിച്ചു; റൂണിക്ക് ഇനി വിശ്രമം
|യാത്രയയപ്പ് ചടങ്ങിൽ കൂടെയുള്ള അഞ്ച് നായകളും സല്യൂട്ട് ചെയ്തു. കേരള പൊലീസ് അക്കാദമിയിലെ 'ഓൾഡ് ഏജ് ഹോം' ആയ വിശ്രാന്തിയിൽ റൂണിക്ക് ഇനി വിശ്രമജീവിതം
കൊച്ചി: എട്ടു വർഷത്തെ സേവനത്തിനുശേഷം റൂണിക്ക് ഇനി വിശ്രമജീവിതം. എറണാകുളം റൂറൽ ജില്ലയിൽ നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസിനൊപ്പമുണ്ടായ നായയാണ് റൂണി. സെനോരയെന്നതാണ് ഔദ്യോഗിക നാമം.
2014ലാണ് റൂറൽ ജില്ലയുടെ കെ-9 സ്‌ക്വാഡിൽ ചേരുന്നത്. ഒരു വർഷത്തെ കേരള പൊലീസ് അക്കാദമിയിലെ പരിശീലനത്തിനുശേഷം സജീവമായി. മോഷണം, കൊലപാതകം, ആളുകളെ കാണാതാവുന്നത് തുടങ്ങിയ കേസുകളിലെ സഹായിയായി. ട്രാക്കർ ഡോഗ് വിഭാഗത്തിലായിരുന്നു സേവനം. കൂത്താട്ടുകുളം സ്റ്റേഷൻ പരിധിയിൽ കാണാതായ ഒരാളെ കണ്ടെത്താൻ നിർണ്ണായക പങ്കുവഹിച്ചത് റോണിയാണ്.
ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട റൂണിക്ക് ഒൻപതു വയസാണ് പ്രായം. എപ്പോഴും ചുറുചുറോക്കടെ ഓടിനടന്ന് എല്ലാവർക്കും ഇഷ്ടതാരമായ റൂണിയുടെ യാത്രയയപ്പ് ചടങ്ങ് വികാരനിർഭരമായിരുന്നു. സബ് ഇൻസ്‌പെക്ടർ സാബു പോൾ സല്യൂട്ട് സ്വീകരിച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ച് നായകളും സല്യൂട്ട് ചെയ്തു. ഉച്ചയോടെ പ്രത്യേക വാഹനത്തിൽ തൃശൂരിലേക്ക്. ഇനി കേരള പൊലീസ് അക്കാദമിയിലെ 'ഓൾഡ് ഏജ് ഹോം' ആയ വിശ്രാന്തിയിൽ വിശ്രമജീവിതം. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി.പി ഹേമന്ദ്, ഒ.ബി സിമിൽ, കെ.എസ് അഭിജിത്ത് തുടങ്ങിയവരായിരുന്നു പരിശീലകർ.
Summary: Rooney, a tracker dog of K-9 Squad of the Ernakulam Rural police, retired after putting in eight years of service at the age of nine at the Kerala Armed Police Reserve Camp at Kalamassery