15000 രൂപയുടെ എന്ന് പറഞ്ഞ് ബിജെപി സുന്ദരയ്ക്ക് നല്‍കിയത് 8000ത്തിന്‍റെ ഫോണ്‍
|ബിജെപി സുന്ദരയ്ക്ക് നല്‍കിയ പണത്തില്‍ ഒരുലക്ഷം രൂപ കണ്ടെത്തി
കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ബിജെപി നേതാക്കൾ കെ. സുന്ദരക്ക് നൽകിയ പണത്തിൽ ഒരു ലക്ഷം രൂപ കണ്ടെത്തി.സുന്ദരയുടെ സുഹൃത്തിൻറെ കൈവശം സൂക്ഷിക്കാൻ നൽകിയ പണമാണ് കണ്ടെത്തിയത്. സുഹൃത്തിൻറെ ബാങ്ക് വിവരങ്ങളും രേഖകളും അന്വേഷണ സംഘം ശേഖരിച്ചു. ക്രൈബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
മഞ്ചേശ്വരത്തുനിന്ന് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതിനായി തനിക്ക് രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും ബിജെപി നേതാക്കള്‍ നല്‍കി എന്നായിരുന്നു കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. അതിനാലാണ് താന്‍ മത്സരരംഗത്തുനിന്ന് പിന്മാറിയതെന്നും സുന്ദര പറഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പോലീസ് സുന്ദരയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് തെളിവെടുപ്പും നടത്തി. കടയില്‍ നിന്ന് സുന്ദരയ്ക്ക് നല്‍കാനായി മൊബൈല്‍ ഫോണ്‍ വാങ്ങിയ ആളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 15000 രൂപയുടെ ഫോണാണ് നല്‍കുന്നത് എന്നാണ് ബിജെപി നേതാക്കള്‍ സുന്ദരയെ വിശ്വസിപ്പിച്ചത്. എന്നാല്‍ 8000 രൂപയുടെ ഫോണാണ് വാങ്ങിയത് എന്നാണ് കടയുടമ നല്‍കിയ മൊഴി.
ലഭിച്ച രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ സുന്ദര സുഹൃത്തിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണ് എന്ന് മൊഴി നല്‍കിയിരുന്നു. സുഹൃത്ത് ഈ പണം ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയായിരുന്നു. ഇതിന്റെ രേഖകളും വിവരങ്ങളും ആണ് അന്വേഷണ സംഘം ഇപ്പോള്‍ ശേഖരിച്ചത്. രണ്ടര ലക്ഷത്തില്‍ ഒന്നര ലക്ഷം രൂപ ചെലവഴിച്ചു പോയി എന്ന മൊഴിയാണ് സുന്ദര നല്‍കിയത്.
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം സുന്ദരയുടെ അമ്മയുടെ മൊഴി എടുത്തിരുന്നു. അമ്മയും സുന്ദരയ്ക്ക് രണ്ടര ലക്ഷം രൂപ ബിജെപി നേതാക്കള്‍ കൈമാറി എന്ന മൊഴി നല്‍കിയിരുന്നു. വാണിനഗറിലെ വീട്ടിലെത്തിയാണ് സുന്ദരയുടെ അമ്മയുടെ മൊഴി അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയത്. പണം നൽകിയ സംഘത്തോടൊപ്പമുണ്ടായിരുന്ന ബി.ജെ.പി നേതാക്കളായ സുരേഷ് നായിക്ക്, അശോക് ഷെട്ടി എന്നിവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും.