Kerala
RSSandChristianChurches, BJPandChristianChurches, BJPandOrthodoxChurch, MalankaraOrthodoxChurch, BaseliosMarthomaMathewsIII
Kerala

ഒരു പാർട്ടിയോടും അടുപ്പവും വിരോധവുമില്ല; മതേതരത്വത്തിന് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ പ്രതിരോധിക്കും-ഓർത്തഡോക്സ് സഭാ തലവൻ

Web Desk
|
13 April 2023 1:46 PM GMT

ആർ.എസ്.എസ്സിനെയും വിചാരധാരയെയും ന്യായീകരിച്ച് കഴിഞ്ഞ ദിവസം ഓർത്തഡോക്‌സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് രംഗത്തെത്തിയിരുന്നു

കോഴിക്കോട്: സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് അടുപ്പുമോ വിരോധമോ ഇല്ലെന്ന് മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. മതേതരത്വത്തിൽ ഊന്നി പ്രവർത്തിക്കുന്ന ഏതു രാഷ്ട്രീയ പാർട്ടിയും സഭയുടെ സുഹൃത്തുക്കളായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആർ.എസ്.എസ്സിനെയും വിചാരധാരയെയും ന്യായീകരിച്ച് കഴിഞ്ഞ ദിവസം ഓർത്തഡോക്‌സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് രംഗത്തെത്തിയിരുന്നു.

സഭാംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരാണ്. അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, മതേതരത്വത്തിന് ഭീഷണിയുണ്ടാക്കുന്ന പ്രവർത്തനം രാഷ്ട്രീയ പാർട്ടികളിൽനിന്നുണ്ടായാൽ സഭ പ്രതിരോധിക്കുമെന്നും കാതോലിക്ക ബാവ വ്യക്തമാക്കി.

ബി.ജെ.പിക്ക് മാത്രമായി രാഷ്ട്രീയ അയിത്തം കാണുന്നില്ലെന്നാണ് ഗീവർഗീസ് മാർ യൂലിയോസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ആർ.എസ്.എസ്സിന് കുറേ നല്ല കാര്യങ്ങളുണ്ടെന്നും വിചാരധാരയിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വിശദീകരിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ബി.ജെ.പിക്ക് മാത്രമായി രാഷ്ട്രീയ അയിത്തം കാണുന്നില്ല. ആർ.എസ്.എസ്സിന് അവരുടേതായ കുറേ നല്ല കാര്യങ്ങളുണ്ട്. സ്വയം പ്രതിരോധത്തിനുള്ള കായിക പരിശീലനമൊക്കെ അതിന്റെ ഭാഗമാണ്. അമ്പത് വർഷം മുമ്പുള്ള ഒരു ഡോക്യുമെന്റാണ് വിചാരധാര. വിവിധ മതങ്ങളെക്കുറിച്ചൊക്കെ അതിൽ പ്രതിപാദിക്കുന്നുണ്ടാവാം. അതിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വ്യാഖ്യാനിക്കരുത്'-മെത്രോപൊലീത്ത പറഞ്ഞു.

മധ്യമേഖലാ അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിൽ ബി.ജെ.പിയെ പുകഴ്ത്തിക്കൊണ്ട് ഗീവർഗീസ് യൂലിയോസ് പറഞ്ഞ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ച് മെത്രോപൊലീത്ത നിലപാട് വ്യക്തമാക്കിയത്. ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ നേതൃത്വം വിമർശിക്കുമ്പോഴാണിതെന്നതും ശ്രദ്ധേയമാണ്.

Summary: 'The church has no affinity or enmity with any political party. Any political party that focuses on secularism will be friends of the Church'; Says the Supreme Head of Malankara Orthodox Syrian Church Baselios Marthoma Mathews III

Similar Posts