മുസ്ലിംകളെ രാജ്യത്ത് നിന്ന് തുടച്ച് നീക്കേണ്ടവരായി ആർ.എസ്.എസ് കാണുന്നു: മുഖ്യമന്ത്രി
|പൗരത്വ ഭേദഗതി നിയമത്തിൽ ആത്മർഥമായി അണിനിരക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി
മലപ്പുറം: മുസ്ലിംകളെ രാജ്യത്ത് നിന്ന് തുടച്ച് നീക്കേണ്ടവരായി ആർ.എസ്.എസ് കാണുന്നുവെന്നും മുസ്ലിം പേരുള്ളവർക്ക് പൗരത്വം പോലും നൽകരുതെന്നാണ് അവരുടെ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് സിപിഎം നടത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭരണഘടന സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് മാത കീ ജയ് എന്ന് സംഘ്പരിവാർ മുദ്രാവാക്യം വിളിക്കുന്നുണ്ടെന്നും ആ മുദ്രവാക്യം വിളിച്ചത് അസിമുല്ല ഖാനാണെന്നും ഒരു മുസ്ലിം ഉണ്ടാക്കിയ മുദ്രവാക്യം ഇനി വിളിക്കില്ലെന്ന് ആർ.എസ്.എസ് തീരുമാനിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭരണഘടന സംരക്ഷണ റാലിയിൽ എൽ.ഡി.എഫ് സ്ഥാനാർഥികളും പങ്കെടുത്തു.
പൗരത്വ ഭേദഗതി നിയമത്തിൽ ആത്മർഥമായി അണിനിരക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആദ്യം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ശരിയായ നിലപാട് സ്വീകരിച്ചുവെന്നും എന്നാൽ ദേശീയ നേതാക്കൾ ഇടപെട്ട് തിരുത്തിച്ചെന്നും അന്നത്തെ കെപിസിസി പ്രസിഡന്റ് തന്നെ പരിഹസിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഘട്ടത്തിലും കോൺഗ്രസ് കുറ്റകരമായ മൗനം പാലിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു.