നവോത്ഥാന പ്രസ്ഥാനങ്ങളുടെ നേട്ടങ്ങളെ തകിടംമറിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്: സി. രാധാകൃഷ്ണൻ
|കേന്ദ്ര സാഹിത്യ അക്കാദമിയെ രാഷ്ട്രീയവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് അക്കാദമി അംഗത്വം രാജിവെച്ചതെന്നും സി. രാധാകൃഷ്ണൻ പറഞ്ഞു.
കോഴിക്കോട്: രാജ്യത്ത് നവോത്ഥാന പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയ നേട്ടങ്ങൾ അട്ടിമറിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് സാഹിത്യകാരൻ സി.രാധാകൃഷ്ണൻ. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആർ.എസ്.എസിനെ വിമർശനമുന്നയിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമിയിലും സർവകലാശാലകളിലും ആർ.എസ്.എസ് നടത്തുന്ന ഇടപെടലുകൾക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചു.
ഉപനിഷത്തുകളും ഭഗവത്ഗീതയും ഒരു വീക്ഷണമാണ് മുന്നോട്ടുവെക്കുന്നത്. വേദങ്ങൾ മറ്റൊരു വഴി നിർദേശിക്കുന്നു. ചരിത്രത്തിലെ ഒരു പ്രതിസന്ധിഘട്ടത്തിലാണ് ഗീത ഉയർന്നുവന്നത്. പിന്നീട് ജാതി വ്യവസ്ഥയും അതിന്റെ പ്രത്യാഘാതങ്ങളുമുണ്ടായി. ഇതാണ് ഭക്തിപ്രസ്ഥാനത്തിന്റെ പിറവിക്ക് കാരണമായത്. സമൂഹത്തിന്റെ അടിത്തട്ടിൽനിന്നാണ് ഭക്തിപ്രസ്ഥാനം ഉണ്ടായത്. വേദവ്യാസനും കൃഷ്ണനും കറുത്തവരായിരുന്നു. പിന്നീട് വീണ്ടും പ്രതിസന്ധിഘട്ടങ്ങൾ വന്നപ്പോഴാണ് സ്വാമി വിവേകാനന്ദനും നവോത്ഥാന പ്രസ്ഥാനങ്ങളുമുണ്ടായത്. ആ നേട്ടങ്ങളെല്ലാം അട്ടിമറിക്കാനാണ് ആർ.എസ്.എസ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പുരാണങ്ങളെ ശാസ്ത്രമായി വ്യാഖ്യാനിക്കുന്ന പുതിയ രീതിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ലോകത്ത് ശാസ്ത്രവും സാങ്കേതിക വിദ്യയും തമ്മിൽ വലിയ വൈരുദ്ധ്യാത്മകതയുണ്ട്. ഇത് ശക്തിപ്രാപിക്കുമ്പോൾ ആർ.എസ്.എസിന്റെ പ്രസക്തി കുറയും. ഇതൊരു ആഗോള വികസനമാണ്. അറിവിന് മാനവികതക്ക് അനുകൂലമായ ഒരു തീർപ്പുണ്ടാവുമെന്നും അന്തിമ തിരുത്തലിൽ ചില ദുരന്തങ്ങൾ സംഭവിച്ചേക്കാമെങ്കിലും ആത്യന്തികമായി അത് സംഭവിക്കുമെന്നും സി. രാധാകൃഷ്ണൻ പറഞ്ഞു.
സർക്കാരിന്റെ അമിതമായ രാഷ്ട്രീയ ഇടപെടലുകൾ മൂലമാണ് കേന്ദ്ര സാഹിത്യ അക്കാദമിയിൽനിന്ന് രാജിവെച്ചതെന്ന് സി. രാധാകൃഷ്ണൻ പറഞ്ഞു. ഇന്ത്യയിൽ സ്വയംഭരണാധികാരമുള്ള ഏക ജനാധിപത്യ സാംസ്‌കാരിക സ്ഥാപനമായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമി. അതിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ രണ്ട് എക്‌സ് ഒഫീഷ്യോ അംഗങ്ങളുണ്ട്. സാംസ്‌കാരിക വകുപ്പിൽനിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരാണിത്. അവർക്ക് വോട്ടിങ് അധികാരമില്ല. അവരുടെ ചുമതല ഭരണപരമായ കാര്യങ്ങളുടെ മേൽനോട്ടം മാത്രമാണ്.
എന്നാൽ കഴിഞ്ഞ അഞ്ച് വർഷം അവർ അക്കാദമിയിൽ നിയന്ത്രണം ചെലുത്താൻ തുടങ്ങി. അത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നീരസത്തിന് കാരണമായി. അവരുടെ ഇടപെടൽ തങ്ങൾ അനുവദിച്ചിരുന്നില്ല. അക്കാദമിയുടെ മീറ്റിങ്ങുകളിൽ പുറമെയുള്ള ആരും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വർഷം ഒരു കേന്ദ്രമന്ത്രി പരിപാടിയിൽ പങ്കെടുത്തു. ചോദ്യം ചെയ്തപ്പോൾ അബദ്ധം പറ്റിയതാണെന്നും ഇനി ആവർത്തിക്കില്ലെന്നും അവർ പറഞ്ഞു. എന്നാൽ ഈ വർഷവും ഇതേ വ്യക്തി ഒരു പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്നാണ് രാജിവെക്കാൻ തീരുമാനിച്ചത്. തിരശ്ശീലക്ക് പിന്നിൽനിന്ന് അംഗങ്ങളെ നിയന്ത്രിക്കാനും അക്കാദമിയെ രാഷ്ട്രീയവൽക്കരിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹ ആരോപിച്ചു.
പിന്നാക്കക്കാർക്ക് സാമൂഹിക സംവരണം നൽകുന്നത് ജനാധിപത്യവിരുദ്ധമാണെന്നും സി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പിന്നാക്കക്കാരിൽനിന്ന് ഒരു എലൈറ്റ് ക്ലാസ് ഉയർന്നുവന്നു എന്നത് മാത്രമാണ് സംവരണത്തിന്റെ ഫലം. അവർക്ക് സർക്കാർ ജോലിയും മെച്ചപ്പെട്ട ജീവിതവും ഉണ്ടായി. എന്നാൽ വലിയൊരു വിഭാഗം ഇപ്പോഴും സമൂഹത്തിൽ വളരെ പിന്നാക്ക ജീവിതമാണ് നയിക്കുന്നത്. പാവപ്പെട്ടവരെ കണ്ടെത്തി അവരെ സാമ്പത്തികമായി സഹായിച്ച് ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. സാമ്പത്തിക സംവരണമാണ് ശരിയായ രീതിയെന്നും അദ്ദേഹം പറഞ്ഞു.