'പോപുലർ ഫ്രണ്ടിനെ നേരിടാൻ ആർ.എസ്.എസ്സിന് ധൈര്യമില്ല'; പ്രതികരിച്ച് നേതാക്കൾ
|കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോഴാണ് അറസ്റ്റിലായ നേതാക്കളുടെ പ്രതികരണം
കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നേരിടാൻ ആർഎസ്എസ്സിന് കഴിയാത്തത് കൊണ്ടാണ് എൻ.ഐ.എയെ ഉപയോഗിച്ച് നേരിടുന്നത് നേതാക്കൾ. കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോഴാണ് അറസ്റ്റിലായ നേതാക്കളുടെ പ്രതികരണം. അറസ്റ്റിലായ 11 പേരെയാണ് കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയത്.
അറസ്റ്റ് ആർഎസ്എസ്സിനെ തൃപ്തിപ്പെടുത്താനാണെന്നും അന്യായമാണെന്നും എൻഐഎ നീതി പാലിക്കണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്തത് എന്തിനാണെന്നുപോലും പറയുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. കോഴിക്കോട്ട് യോഗം നടത്തിയത് യുഎപിഎ ചുമത്താൻ കാരണം ആണെങ്കിൽ, അത് ജനാധിപത്യ സമൂഹം പരിശോധിക്കണമെന്നും അവർ പറഞ്ഞു. കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരു മാസത്തേക്ക് റിമാന്റ് ചെയ്തു. ശനിയാഴ്‌ച എൻഐഎ കസ്റ്റഡി അപേക്ഷ പരിഗണിക്കും. കാസർകോടുള്ള പ്രതി സി.ടി സുലൈമാനെ കൂടി ഹാജരാക്കാനുണ്ടെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു. കൊച്ചിയിലെ കേസിൽ ആകെ 13 പ്രതികളാണുള്ളത്. ഇതിൽ രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫണ്ടിന്റെ 93 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയതായി എൻഐഎ അറിയിച്ചു. 45 പേരെ അറസ്റ്റ് ചെയ്തതായും അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തതായും അവർ വ്യക്തമാക്കി. കേരളത്തിൽ രണ്ട് കേസുകളിൽ 19 പേരെ അറസ്റ്റ് ചെയ്തതായും പറഞ്ഞു.
ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ പട്യാല ഹൗസ് കോടതിയിലാണ് ഹാജറാക്കുക. ഈ മാസം 19 നാണ് ആർ.സി 2/ 2022 നമ്പറിൽ കൊച്ചി എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്. യുഎപിഎയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. യുഎപിഎ 13.18. 18 ബി. 38.39 വകുപ്പുകളും ഐപിസി 120 ബി. 153 എയുമാണ് ചുമത്തിയത്.
അതേസമയം, സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്‌ഡ് സംഘടിപ്പിച്ചിരുന്നു. ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പോപുലർ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.
RSS is using NIA because RSS cannot face Popular Front of India: Leaders