കോൺഗ്രസിന്റെ കോളജ് അധ്യാപകരുടെ സംഘടനാ സമ്മേളനത്തിൽ സംഘ്പരിവാർ നേതാവ്
|ഗോവ സർവകലാശാല എക്‌സിക്യൂട്ടീവ് കൗൺസിലിലെ ബി.ജെ.പി നോമിനി ഡോ. എസ്. ഉണ്ണികൃഷ്ണൻ ശ്രീശൈലമാണ് കെ.പി.സി.ടി.എയുടെ സമ്മേളനത്തിൽ പങ്കെടുത്തത്
കോഴിക്കോട്: കോൺഗ്രസിന്റെ കോളേജ് അധ്യാപകരുടെ സംഘടനയായ കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിൽ പ്രതിനിധിയായി സംഘ്പരിവാർ സംഘടന നേതാവ്. ഗോവ സർവകലാശാല എക്‌സിക്യൂട്ടീവ് കൗൺസിലിലെ ബി.ജെ.പി നോമിനി ഡോ. എസ്. ഉണ്ണികൃഷ്ണൻ ശ്രീശൈലമാണ് കെ.പി.സി.ടി.എയുടെ സമ്മേളനത്തിൽ പങ്കെടുത്തത്. ബി.ജെ.പിയുടെ സാംസ്‌കാരിക സംഘടനയായ തപസ്യയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡൻറാണ് എസ് ഉണ്ണികൃഷ്ണൻ.
വർഷങ്ങളായി സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിക്കുന്നു. കോഴിക്കോട് നടന്ന കോൺഗ്രസ്സിൻറെ കീഴിലുള്ള കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിൽ പ്രതിനിധിയായാണ് സംഘപരിവാർ നേതാവ് പങ്കെടുത്തത്.
ഗോവ സർവകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്ക് ശ്രീശൈലം ഉണ്ണികൃഷ്ണനെ ബിജെപി പ്രതിനിധിയായി നാമനിർദ്ദേശം ചെയ്തത് ഗവർണ്ണർ കൂടിയായ അഡ്വ. പി എസ് ശ്രീധരൻപിള്ളയാണ്. നേരത്തെ ബിജെപിയുടെ ഉന്നതവിദ്യാഭ്യാസ സംഘം ഭാരവാഹിയായിരുന്നു ഉണ്ണികൃഷ്ണൻ. ബിജെപിക്ക് കോളേജ് അധ്യാപകസംഘടനയില്ലെന്നും ഇടത് വിരുദ്ധരായ ആളുകൾ പ്രവർത്തിക്കുന്ന സംഘടനയാണ് കെ.പി.സി.ടി.എ എന്നാണ് ഉണ്ണികൃഷ്ണനും സംഘടനയും പറയുന്നത്.