ആർ എസ് എസ്- എസ് ഡി പി ഐ ആക്രമണങ്ങളുടെ ലക്ഷ്യം വർഗീയ കലാപം ; എ എ റഹീം
|നാടിന്റെ സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സാംസ്കാരിക കേരളം പ്രതികരിക്കണമെന്നും ഡി വൈ എഫ് ഐ അഭ്യർത്ഥിച്ചു
ആലപ്പുഴയിൽ ആർ എസ് എസ്-എസ്ഡിപിഐ ആക്രമണങ്ങളുടെ ലക്ഷ്യം വർഗീയ കലാപമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം. ഇരു പാർട്ടികളുടെയും നേതൃത്വത്തിൽ നടന്ന കൊലപാതകങ്ങൾ വർഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമായുള്ള ശ്രമമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആലപ്പുഴയിൽ ആർ എസ് എസ്-എസ്ഡിപിഐ നേതാക്കൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കാനും അതിലൂടെ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ തിരിച്ചറിയണം. ആർ.എസ്.എസ് - എസ്.ഡി.പി.ഐ സംഘർഷങ്ങൾ ഈ ദിശയിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. നാടിന്റെ സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സാംസ്കാരിക കേരളം പ്രതികരിക്കണമെന്നും ഡി വൈ എഫ് ഐ അഭ്യർത്ഥിച്ചു. അതേസമയം കൊലപാതകത്തിൽ നാണക്കേടും ദു:ഖവും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കി പത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വിമർശനമുന്നയിച്ചത് സർക്കാരിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കിയിരിക്കുകയാണ്.