കൂടത്തായി കേസ്: കേന്ദ്ര ഫൊറൻസിക് ലാബിലെ പരിശോധനാഫലം കേസിനെ ബാധിക്കില്ല-റിട്ട. എസ്.പി
|''സംസ്ഥാനത്തെ ഫൊറൻസിക്ക് ലാബിൽ പരിശോധിച്ചപ്പോഴും ഈ നാല് മൃതദേഹങ്ങളിൽനിന്ന് സയനൈഡിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അത് കാലപ്പഴക്കംകൊണ്ട് സ്വാഭാവികമായി സംഭവിക്കുന്നതാണ്''
കോഴിക്കോട്: കൂടത്തായി കേസിനെ കേന്ദ്ര ഫൊറൻസിക് ലാബിലെ പരിശോധനാഫലം ബാധിക്കില്ലെന്ന് റിട്ട. എസ്.പി കെ.ജി സൈമൺ. സംസ്ഥാനത്തെ ഫൊറൻസിക്ക് ലാബിൽ പരിശോധിച്ചപ്പോഴും ഈ നാല് മൃതദേഹങ്ങളിൽനിന്ന് സയനൈഡിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അത് കാലപ്പഴക്കംകൊണ്ട് സ്വാഭാവികമായി സംഭവിക്കുന്നതാണ്.
ഇത് മനസിലാക്കി ഈ നാലുപേരുടെയും മരണം സംബന്ധിച്ച് പരിശോധിക്കാൻ ഡോക്ടർമാരുടെ ഒരു പാനൽ തയ്യാറാക്കുകയും അവരുടെ റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധനാ ഫലം കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേയ്ക്ക് അയച്ചതെന്നും സൈമൺ പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളിലും സയനൈഡിന്റെ അംശമോ മറ്റു വിഷാംശങ്ങളോ കണ്ടെത്താനായില്ലെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ദേശീയ ഫൊറൻസിക് ലാബിൽ പരിശോധിച്ചത്.
2002-ൽ അന്നമ്മ തോമസിനെ ആട്ടിൻസൂപ്പിൽ 'ഡോഗ് കിൽ' എന്ന വിഷം കലർത്തി നൽകിയും മറ്റു മൂന്നുപേരെ സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അന്നമ്മയെ കൊല്ലാൻ ഉപയോഗിച്ച വിഷം ജോളി മൃഗാശുപത്രിയിൽനിന്ന് വാങ്ങിയതിന്റെ രേഖകളും തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം മറ്റുമൂന്നുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നൽകിയാണെന്നത് ജോളിയുടെ കുറ്റസമ്മത മൊഴിയാണ്.