വയനാട്ടില്‍ ആര്‍ടിഒ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമെന്ന വാദത്തിലുറച്ച് കുടുംബം
|സിന്ധുവിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടു
വയനാട് മാനന്തവാടിയിൽ ആർടിഒ ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്തത് ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലം തന്നെയെന്ന വാദത്തിലുറച്ച് കുടുംബം. ആത്മഹത്യാ കുറിപ്പിൽ ഓഫീസിലെ പീഡനങ്ങളെ കുറിച്ച് പറയുന്നുണ്ട്. ആത്മഹത്യക്ക് മറ്റ് കാരണങ്ങളില്ലെന്ന് പ്രദേശവാസികളും പറയുന്നു.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സീനിയർ ക്ലർക്ക് എള്ളുമന്ദം പുളിയാർ മറ്റത്തിൽ സിന്ധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തതിനാൽ ഉദ്യോഗസ്ഥർ ഒറ്റപ്പെടുത്തിയെന്നും ഇതാണ് ആത്മഹത്യക്ക് കാരണമായതെന്നുമുള്ള കുടുംബത്തിൻ്റെ ആരോപണം ജോയിന്റ് ആർടിഒ ബിനോദ് കൃഷ്ണ അടക്കമുള്ളവർ നിഷേധിച്ചിരുന്നു. എന്നാൽ, തൊഴിലിടത്തിലെ മാനസിക പീഡനമെന്ന ആരോപണത്തിലുറച്ച് നിൽക്കുകയാണ് കുടുംബം.
പ്രദേശവാസിയും പഞ്ചായത്ത് പ്രസിഡൻറുമായ എച്ച് ബി പ്രദീപും ആത്മഹത്യക്ക് മറ്റ് കാരണങ്ങളില്ലെന്ന് ആവർത്തിച്ചു. 9 വർഷമായി മാനന്തവാടി സബ് ആർടിഒ ഓഫീസിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരിയായ സിന്ധുവിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടു.